മാന നഷ്ടകേസിൽ രണ്ട് കൊല്ലം തടവ് ശിക്ഷ കിട്ടിയതോടെ രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വവും അനിശ്ചിതത്വത്തിൽ. കുറ്റം സ്റ്റേ ചെയ്യാത്തതിനാൽ നിലവിൽ രാഹുലിന് അയോഗ്യത വരാമെന്ന് അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വി പറഞ്ഞു. ഇതോടെ മേൽക്കോടതി എടുക്കുന്ന നിലപാട് നിർണായകമാകും.

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപെടുന്നവരെ ആയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ മുമ്ബ് സുപ്രീം കോടതി കർശന നിലപാട് സ്വീകരിച്ചിരുന്നു. നിലവിലെ ചട്ടമനുസരിച്ച് ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും.
ബലാൽസംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യരാകും. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ടു വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ അയോഗ്യത എന്നാണ് വ്യവസ്ഥ. ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ടു വർഷം തടവാണ് ഇപ്പോൾ കോടതി രാഹുൽ ഗാന്ധിക്ക് നല്കിയിരിക്കുന്നത്. ശിക്ഷ മാത്രമാണ് ഇപ്പോൾ വിചാരണ കോടതി സ്റ്റേ ചെയ്തിരിക്കുന്നത് എന്നാണ് പാർട്ടി നേതാവ് കൂടിയായ അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി അറിയിച്ചത്. കുറ്റം പൂർണ്ണമായും സ്റ്റേ ചെയ്താലേ അയോഗ്യത നടപടികൾ ഒഴിവാക്കാനാകൂ. ഈ അപേക്ഷ കോടതി അംഗീകരിക്കും എന്നാണ് കോൺഗ്രസ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *