തൃശൂരിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിവിൽപന നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അതിമാരക മയക്കുമരുന്നായ 2.270 കിലോ ഹാഷിഷ് ഓയിലുമായാണ് യുവതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. തൃപ്രയാറിലെ ജിംനേഷ്യത്തിൽ ജോലി ചെയ്തു വരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്.
വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച 90500 രൂപയും, ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പന നടത്താനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും യിവതിയിൽ നിന്നും പിടിച്ചെടുത്തു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വലപ്പാട് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യിവതി അറസ്റ്റിലായത്.
