തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമം നിയോജകമണ്ഡലം സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചു. പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ പൂർണ്ണമായും വെളിപ്പെടുത്തിയില്ലെന്ന പരാതിയെതുടർന്നാണ് റിട്ടേണിംഗ് ഓഫീസറുടെ നടപടി.
നേമത്ത് ശക്തമായ മത്സരം നടക്കാനിരിക്കെ പുറത്തുവന്ന ഈ വാർത്ത ബിജെപി കേന്ദ്രങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കി. രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്റെ ആസ്തികളെക്കുറിച്ചും ഓഹരി പങ്കാളിത്തത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്ന് പരാതി ഉയർന്നിരുന്നു.
പരാതിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് നിരീക്ഷിച്ച റിട്ടേണിംഗ് ഓഫീസർ, സൂക്ഷ്മ പരിശോധന നടപടികൾ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന് തെളിയിക്കപ്പെട്ടാൽ പത്രിക തള്ളാനുള്ള സാധ്യതയുണ്ട്. അതിനാൽ വരണാധികാരിയുടെ അടുത്ത നീക്കം നിർണ്ണായകമാണ്.
കേന്ദ്രമന്ത്രി കൂടിയായിരുന്ന രാജീവ് ചന്ദ്രശേഖർ ഇത്തരത്തിൽ കോടാനുകോടി വരുന്ന തന്റെ ആസ്തി വിവരങ്ങൾ സത്യവാങ്മൂലത്തിൽ കുറച്ചു കാണിച്ചുവെന്നതാണ് പ്രധാന ആരോപണം. എന്നാൽ ബിജെപി നേതൃത്വം വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
