കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ ആകാശത്ത് വെച്ച് വിവാഹ ചടങ്ങ് നടത്തി രാകേഷും ദീക്ഷണയും. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. മെയ് 23നാണ് ആകാശത്തുവച്ച് രണ്ട് പേരും വിവാഹിതരായത്. മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്താണ് ആകാശത്തുവച്ചുള്ള വിവാഹം നടന്നത്. ബന്ധുക്കളും അതിഥികളുമാണ് വിമാനത്തില്‍ മറ്റ് യാത്രക്കാരായി ഉണ്ടായിരുന്നത്.130 പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇവരുമായി ചാര്‍ട്ടേഡ് വിമാനം പറന്നുയര്‍ന്നു. ആകാശത്തുവച്ച് വിവാഹവും നടന്നു.

തമിഴ്‌നാട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടുകയും മെയ് 23 ന് നിയന്ത്രണത്തില്‍ ഇളവ് നല്‍കുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് രാകേഷും ദീക്ഷണയും വിവാഹിതരായിരുന്നെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതോടെ വിമാനത്തില്‍ വച്ച് വിവാഹം കഴിച്ച് ആ ചടങ്ങ് മനോഹരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത 130 പേരും തങ്ങളുടെ ബന്ധുക്കള്‍ ആണെന്നും എല്ലാവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയതാണെന്നും ദമ്പതികള്‍ അവകാശപ്പെട്ടു. അതേസമയം ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ മിഡ് എയര്‍ വിവാഹ ചടങ്ങിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.കോവിഡ് വ്യാപന കാലത്ത് വിമാനയാത്ര നടത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. പിപിഇ കിറ്റ്, മാസ്്ക്, ഫെയ്‌സ് മാസ്‌ക് എന്നിവ ധരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ദൃശ്യങ്ങളില്‍ ഇതൊന്നും പാലിച്ചില്ല എന്നാണ് വ്യക്തമാകുന്നത്. സാമൂഹിക അകലവും പാലിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *