മോദി സമുദായത്തിന് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി ഉണ്ടെന്ന പരാമര്‍ശം വെറും കുത്തുവാക്ക് ആയിരുന്നു എന്നും രാഹുല്‍ ഗാന്ധി സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പറഞ്ഞു. രാജ്യതാത്പര്യം മുന്‍നിര്‍ത്തിയാണ് നരേന്ദ്ര മോദി ഒരു വ്യവസായിക്ക് 30 കോടി രൂപ നല്‍കിയെന്ന ആരോപണം ഉന്നയിച്ചതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

മാനനഷ്ട കേസില്‍ സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.എന്‍. ദാവേയെക്ക് മുന്നില്‍ ഹാജരായാണ് മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശം താന്‍ നടത്തിയിട്ടില്ല എന്ന് രാഹുല്‍ മൊഴി നല്‍കിയത്. നരേന്ദ്ര മോദി ഒരു വ്യവസായിക്ക് 30 കോടി രൂപ നല്‍കിയെന്ന ആരോപണം ഉന്നയിച്ചിട്ടുണ്ടോ എന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആരാഞ്ഞു. ദേശീയ നേതാവ് എന്ന നിലയില്‍ അഴിമതി, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളില്‍ രാജ്യതാത്പര്യത്തെ മുന്‍നിര്‍ത്തി ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ടെന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കി.

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആരാഞ്ഞ മറ്റ് പല ചോദ്യങ്ങള്‍ക്കും ഓര്‍മ്മയില്ല എന്ന മറുപടിയാണ് രാഹുല്‍ ഗാന്ധി നല്‍കിയത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ കോളാറില്‍ നടന്ന പ്രചാരണ യോഗത്തില്‍ ആണ് രാഹുല്‍ മോദി സമുദായത്തിന് എതിരെ വിവാദ പരാമര്‍ശം നടത്തിയത്. എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി എന്ന് കൂടി ഉണ്ടെന്ന് ആയിരുന്നു വിവാദ പരാമര്‍ശം. രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശത്തിന് എതിരെ ഗുജറാത്തില്‍നിന്നുള്ള എം.എല്‍.എ. പുര്‍ണേഷ് മോദിയാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കേസ് ജൂലൈ 12ന് പരിഗണിക്കാനായി കോടതി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *