ഇന്ത്യയില്‍ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. ഡല്‍ഹി സ്വദേശിയ്ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ മങ്കി പോക്സ് കേസ് ആണ് ഇത്.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ 31 കാരനായ ഇയാളെ മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. കടുത്ത പനിയും, ശരീരത്തില്‍ കുമിളകളുമാണ് ഇയാളില്‍ പ്രകടമായിട്ടുള്ളത്. ഇയാള്‍ക്ക് യാത്രാ പശ്ചാത്തലം ഇല്ലെന്നാണ് വിവരം. ഇത് ആരോഗ്യപ്രവര്‍ത്തകരില്‍ ആശങ്കയുളവാക്കുന്നുണ്ട്. ഇതുവരെ രോഗം ബാധിച്ച മൂന്ന് പേരും വിദേശത്തു നിന്നും എത്തിയവരാണ്. ഡല്‍ഹി സ്വദേശിയ്ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
കേരളത്തില്‍ മൂന്ന് പേര്‍ക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു. കൊല്ലത്തും, കണ്ണൂരും രോഗം കണ്ടെത്തിയതിന് പിന്നാലെ മലപ്പുറത്താണ് മൂന്നാമത്തെ കേസ് സ്ഥിരീകരിച്ചത്. യു.എ.ഇയില്‍ നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചവരെല്ലാം വിദേശ യാത്ര കഴിഞ്ഞെത്തിയവരായിരുന്നു. ഇതുവരെ ഇവരില്‍ നിന്നും മറ്റുള്ളവരിലേക്ക് അസുഖം പകരാതിരുന്നതും ആരോഗ്യ വിഭാഗത്തിന് ആശ്വാസമായിരുന്നു.
