അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 70 ശതമാനം വരെ വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ ഉണ്ടായേക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഈ മാസം 26-ന് മരുന്ന് നിര്‍മാണ കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ മരുന്നുകള്‍ക്ക് വന്‍ വില കമ്പനികള്‍ ഈടാക്കുന്നതായി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഏതൊക്കെ മരുന്നുകളാണ് അധികവിലയ്ക്ക് വില്‍ക്കുന്നത് എന്ന കണക്ക് മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് മുന്നില്‍ വയ്ക്കും. മരുന്നുകളുടെ വില കുറയ്ക്കാനുള്ള ഒന്നിലധികം നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ഇത് കേന്ദ്രസര്‍ക്കാര്‍ മരുന്നു കമ്പനികള്‍ക്കുമുന്നില്‍ വയ്ക്കും. തുടര്‍ന്ന് വില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കും.

നിലവില്‍ രാജ്യത്തെ മരുന്ന് വിപണിയുടെ 17 ശതമാനവും ചിലവ് കേരളത്തിലാണ്. അതിനാല്‍ മരുന്ന്വിലയിലെ മാറ്റം ഏറെഗുണം ചെയ്യുക കേരളത്തിനാണ്. പാരസെറ്റമോള്‍, വിറ്റാമിന്‍ ഗുളികകള്‍, പ്രമേഹം-ഹൃദ്രോഗം എന്നിവയ്ക്കുളള മരുന്നുകള്‍ക്ക് ഏപ്രിലില്‍ വില വര്‍ദ്ധിച്ചിരുന്നു. 40000ലധികം മരുന്നുകള്‍ക്കാണ് ഇത്തരത്തില്‍ വില കൂടിയത്. ജീവന്‍ രക്ഷാമരുന്നുകള്‍ക്കും ക്യാന്‍സര്‍ രോഗത്തിനുളള മരുന്നുകള്‍ക്കും നിലവില്‍ 12 ശതമാനം ജിഎസ്ടിയുണ്ട്. ഇതില്‍ കുറവ് വന്നാല്‍ വില വളരെ കുറയുമെന്നാണ് കരുതുന്നത്. വില കുറയ്ക്കുന്നതിനുളള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ മരുന്നുകമ്പനികള്‍ക്ക് മുന്നില്‍ വയ്ക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *