
കുന്ദമംഗലം : തെരുവ്നായ് ആക്രമണത്തിൽ നിന്ന് സ്കൂൾ വിദ്യാർഥിയെ രക്ഷിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർക്ക് കടിയേറ്റു. ചേരിഞ്ചാൽ സ്വദേശി ശ്രീജേഷ് (44) ആണ് നായുടെ കടിയേറ്റത്. ബുധനാഴ്ച വൈകിട്ട് കുന്ദമംഗലം എ.യു.പി സ്കൂൾ പരിസരത്താണ് സംഭവം. സ്കൂൾ വിട്ടതിന് ശേഷം വിദ്യാർഥികളെ ഓട്ടോയിൽ കൂട്ടിക്കൊണ്ടുപോകാൻ വന്ന സമയത്താണ് തെരുവ്നായ് വിദ്യാർഥിയെ ആക്രമിക്കാൻ ശ്രമിക്കുന്നത് ശ്രീജേഷ് കാണുന്നത്. വിദ്യാർഥിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്രീജേഷിന്റെ കാലിന് കടിയേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സ്ത്രീയെയും മറ്റും ഈ നായ് അക്രമിച്ചതായി നാട്ടുകാർ പറഞ്ഞു. അക്രമകാരിയായ തെരുവ്നായെ പിടികൂടി വിദ്യാർഥികളെയും പ്രദേശവാസികളെയും ആക്രമണത്തിൽ നിന്ന് രക്ഷിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
