ദേശീയ ഗുസ്തി ഫെഡറേഷൻ്റെ(റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) അംഗത്വം ലോക ഗുസ്തി ഫെഡറേഷൻ(യുണൈറ്റഡ് വേള്‍ഡ് ഓഫ് റസലിംഗ്) സസ്പെൻസ് ചെയ്തു. നാളുകളായി പല വിവാദങ്ങളിലൂടെയും കടന്നുപോകുന്ന ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് കനത്ത തിരിച്ചടിയാവും ഈ നടപടി. രാജ്യത്തെ ഗുസ്തി താരങ്ങള്‍ക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പതാകയ്ക്ക് കീഴില്‍ മത്സരിക്കാനാവില്ല.
തെരഞ്ഞെടുപ്പ് നടത്താനുള്ള 45 ദിവസത്തെ സമയപരിധി അവസാനിച്ചതോടെയാണ് ലോക ഗുസ്തി ഫെഡറേഷന്‍ ഇന്ത്യക്കെതിരെ നടപടിയിലേക്ക് കടന്നത്. തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയില്ലെങ്കില്‍ വിലക്ക് നേരിടേണ്ടിവരുമെന്ന് ലോക ഗുസ്തി ഫെഡറേഷൻ മുന്നറിയിപ്പ് ഇന്ത്യന്‍ ദേശീയ ഗുസ്തി ഫെഡറേഷന് നല്‍കിയെങ്കിലും സംസ്ഥാന അസോസിയേഷനുകള്‍ കോടതിയിലേക്ക് നീങ്ങിയത് അടക്കമുള്ള കാര്യങ്ങള്‍ ഇലക്ഷന്‍ വൈകിപ്പിച്ചു. സസ്പെന്‍ഷന്‍ നേരിടുന്നതോടെ വരാനിരിക്കുന്ന ലോക ഗുസ്‍തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ദേശീയ പതാകയ്ക്ക് കീഴില്‍ മത്സരിക്കാനാവില്ല. ന്യൂട്രല്‍ താരങ്ങളായി മാത്രമേ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകൂ. സെപ്റ്റംബർ 16ന് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഒളിംപിക്സ് യോഗ്യതയ്ക്കായുള്ള മത്സരങ്ങള്‍ കൂടിയാണ് എന്നത് ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രഹരമാകും.
