മംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന മലയാളി ഉൾപ്പെടെയുള്ള ആറുപേരെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 24 ലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. അറസ്റ്റിലായവർ മയക്കുമരുന്ന് വിതരണ റാക്കറ്റിലെ പ്രധാനികളാണെന്നും പോലീസ് അറിയിച്ചു.

മലപ്പുറം നിലമ്പൂർ സ്വദേശി ഇ കെ അബ്ദുൾ കരീം (52), കാവൂർ ഗാന്ധിനഗർ സ്വദേശി ചിരാഗ് സുനിൽ (49), അശോക് നഗറിൽ നിന്നുള്ള ആൽവിൻ ക്ലിൻ്റൺ ഡിസൂസ(39), മംഗളൂരു കുലശേഖര സ്വദേശി ജനൻ ജഗന്നാഥ് (28), മംഗളൂരു ബോളുരു പരപ്പു സ്വദേശി രാജേഷ് ബംഗേര (30), മംഗളൂരു അശോക് നഗർ സ്വദേശി വരുൺ ഗനിഗ (28) എന്നിവരാണ് അറസ്റ്റിലായത്.

കാവൂരിലെ ഗാന്ധിനഗറിലെ മല്ലി ലേഔട്ടിൽ നടത്തിയ ആദ്യ റെയ്ഡിലാണ് ചിരാഗും ആൽവിനും ആദ്യം പിടിയിലായത്. ഇവരിൽ നിന്ന് 22,30,000 രൂപ വിലമതിക്കുന്ന 111.83 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തതിനെത്തുടർന്നാണ് മറ്റ് പ്രതികളെയും പിടികൂടാനായത്.

അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് കടത്തിന് മുംബൈയിലെ ആഫ്രിക്കൻ സ്വദേശിയുമായുള്ള ബന്ധം പുറത്തുവന്നത്. കേസിലെ പ്രധാന പ്രതികളിലൊരാളായ നിലമ്പൂർ സ്വദേശി അബ്ദുൽ കരീം, മുംബൈയിൽ താമസിക്കുന്ന ബെഞ്ചമിൻ എന്ന ആഫ്രിക്കൻ പൗരനിൽ നിന്ന് എംഡിഎംഎ വാങ്ങാൻ പണം നൽകിയതായി കണ്ടെത്തി. ഇയാളെ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തു.

ഈ അറസ്റ്റുകളെത്തുടർന്ന് കൊക്കെയ്ൻ വിതരണത്തിൽ സംഘത്തിന് പങ്കുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന് മന്നഗുഡ്ഡയിലെ സെൻട്രൽ വെയർഹൗസിന് സമീപം പൊലീസ് റെയ്ഡ് നടത്തി. മന്നഗുഡ്ഡയിൽ വെച്ച് ജഗന്നാഥ്, രാജേഷ്, വരുൺ എന്നിവരെയും പോലീസ് പിടികൂടി. ഇവർ അബ്ദുൽ കരീമിന്റെ സംഘത്തിൽ നിന്ന് മയക്കുമരുന്ന് കൈപ്പറ്റിയവരാണെന്ന് പോലീസ് അറിയിച്ചു. ഇവരിൽ നിന്ന് 1,90,000 രൂപ വിലമതിക്കുന്ന 21.03 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കാവൂർ, ബാർക്കെ പൊലീസ് സ്റ്റേഷനുകളിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരം ആറ് പ്രതികൾക്കെതിരെയും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *