ഉത്തർപ്രദേശിൽ മൊബൈൽ മോഷ്ടിച്ചു എന്ന് ആരോപിച്ച് പത്ത് വയസുകാരനോട് നാട്ടുകാരുടെ കൊടുംക്രൂരത. അസംഗട്ടിൽ കുട്ടിയെ കെട്ടിയിട്ട് മൂന്ന് മണിക്കൂറോളം നാട്ടുകാർ മർദിച്ചു. കുട്ടിയുടെ മുഖത്ത് നാട്ടുകാരിൽ ചിലർ മുളക് തേച്ചു. സംഭവത്തിൽ മൂന്നുപേരെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.

ചന്തയിലെ ഒരു പോസ്റ്റിൽ കെട്ടിയിട്ടാണ് നാട്ടുകാർ മൂന്നുമണിക്കൂറോളം കുട്ടിയെ മർദിച്ചത്. കുട്ടിയുടെ ഇരുകൈകളും പോസ്റ്റിൽ കെട്ടിയായിരുന്നു അതിക്രൂര മർദനം. മർദനമേറ്റ് അവശനായ കുട്ടി വെള്ളം ചോദിച്ച് വാവിട്ടുകരഞ്ഞെങ്കിലും സംഭവസ്ഥലത്ത് കൂടിനിന്നവരാരും വെള്ളം നൽകാൻ പോലും തയാറായില്ല. നാട്ടുകാരിൽ ചിലർ പകർത്തിയ ദൃശ്യങ്ങൾ തന്നെയാണ് പുറത്തെത്തിയത്.

മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് പ്രതികൾക്കെതിരെ സെക്ഷൻ 307 പ്രകാരം കേസെടുത്തിട്ടുണ്ട്. സഞ്ജയ് റാം, വിജയ് റാം, സുരേന്ദ്ര റാം എന്നിവർക്കെതിരെയാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *