ഹൈക്കോടതി നിരീക്ഷണത്തിൽ പ്രത്യേക അന്വേഷണസംഘം മികച്ച രീതിയിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. ശരിയായ രീതിയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. 2019 സ്വർണ്ണക്കൊള്ള നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

2024ൽ കൃത്യമായ മാനദണ്ഡം പാലിച്ചാണ് ദ്വാരപാലകശില്പം നവീകരണത്തിനായി കൊണ്ടുപോയത്. നിലവിലെ ദേവസ്വം ബോർഡിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. സ്പെഷ്യൽ കമ്മീഷണറെ അറിയിച്ചിട്ടില്ല എന്നത് മാത്രമാണ് വീഴ്ച. അത് ഉദ്യോഗസ്ഥരായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിൽ അവരോട് വിശദീകരണം തേടിയിട്ടുണ്ട്. 2019ലെ വീഴ്ച മറയ്ക്കാനാണ് 2024ൽ സ്പെഷ്യൽ കമ്മിഷണറെ അറിയിക്കാത്തതെന്ന ഹൈക്കോടതിയുടെ അനുമാനം സ്വാഭാവികമാണ്. പക്ഷേ ബോർഡ് ഇതിൽ കൃത്യമായ തുടർനടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിലെ ബോർഡ് മറുപടി പറയണം എന്നതാണ് ഇപ്പോൾ ഉയരുന്ന ആക്ഷേമെന്ന് പി എസ് പ്രശാന്ത് പറഞ്ഞു.

ഞാൻ സ്വർണ്ണക്കള്ളനാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. എൻ്റെ പേരിൽ മൂന്ന് അക്കൗണ്ടുകൾ ഉണ്ട്. എൻ്റെ അക്കൗണ്ടുകളുടെ ബാലൻസ് നിങ്ങൾക്ക് പരിശോധിക്കാം എൻ്റെ പേരിൽ ഒരു തുണ്ട് ഭൂമി പോലുമില്ല. രണ്ടര ലക്ഷത്തിൽ താഴെയാണ് എൻ്റെ ആസ്തി. ഞാൻ ഒരു മണിമാളിക പണിഞ്ഞെന്നും അതിൻ്റെ പാലുകാച്ചിന് ഉണ്ണിക്കൃഷ്ണൻ പോറ്റി വന്നു എന്നുമാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എൻ്റെ ഭാര്യയുടെ വസ്തു വിറ്റാണ് വീട് പണിതത്. ഞാൻ എല്ലാം കൃത്യമായി പാർട്ടിയെ ബോധിപ്പിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവിൻ്റെ സമ്പാദ്യം ഒന്ന് വെളിപ്പെടുത്തട്ടെ. ഞാനാണോ കോടീശ്വരൻ പുള്ളിയാണോ കോടീശ്വരൻ എന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതെല്ലാം രാഷ്ട്രീയമാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ലാഭമുണ്ടാക്കി കൊടുക്കുന്ന ഒരു നടപടിയും നിലവിലെ ദേവസ്വം ബോർഡിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല
പ്രത്യേക അന്വേഷണസംഘം ഇതുവരെയായി ദേവസ്വം ബോർഡിനോട് രേഖകൾ ചോദിച്ചിട്ടില്ല. ചോദിച്ചാൽ ആവശ്യമുള്ള രേഖകൾ നൽകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *