ഡൽഹി: ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം സത്യപ്രതിജ്ഞാ ചടങ്ങിൽ ശ്രദ്ധേയമായി.
ചുമതലയേറ്റ ശേഷം, സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകളിൽ ഉടൻ നടപടിയുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. ഇതിനായി കൂടുതൽ ഭരണഘടനാ ബെഞ്ചുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുക എന്നതാണ് അദ്ദേഹത്തിൻ്റെ പ്രധാന ലക്ഷ്യം. സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്നതിനാൽ കീഴ്ക്കോടതികൾക്ക് തീരുമാനം എടുക്കാൻ കഴിയാത്തവയ്ക്ക് പ്രഥമ പരിഗണന നൽകും. ദേശീയ പ്രാധാന്യമുള്ള കേസുകളിൽ വേഗത്തിൽ തീരുമാനമെടുക്കാനും കോർപ്പറേറ്റ് കേസുകളിൽ മധ്യസ്ഥതയ്ക്ക് ഊന്നൽ നൽകാനും നിയമരംഗത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗത്തിൽ ശ്രദ്ധ ചെലുത്താനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിലെ എസ്.ഐ.ആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിൻ്റെ ബെഞ്ചാണ്.
ഹരിയാനയിലെ ഹിസാർ സ്വദേശിയായ ജസ്റ്റിസ് സൂര്യകാന്ത്, ആ സംസ്ഥാനത്ത് നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തിയെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. ഒക്ടോബർ 30-നാണ് ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ദ്രൗപദി മുർമ്മു പുറത്തിറക്കിയത്. 2027 ഫെബ്രുവരി 9 വരെയാണ് അദ്ദേഹത്തിൻ്റെ കാലാവധി.
