രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദില്ലിയിൽ പര്യടനം തുടങ്ങി. ഹരിയാന അതിർത്തിയായ ബദർപുരിൽ നിന്ന് രാവിലെ ആറ് മണിക്കാണ് ഡൽഹിയിലെ യാത്രക്ക് തുടക്കമായത്. മാസ്ക് ഇടാനുള്ള നിർദേശം പാലിക്കാതെ ആണ് രാഹുൽ അടക്കമുള്ളവരുടെ യാത്ര. രണ്ടരയോടെ നടൻ കമൽ ഹാസനടക്കമുള്ളവർ യാത്രയിൽ അണി നിരക്കും. പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെ യാത്ര വൈകീട്ടോടെ ചെങ്കോട്ടക്ക് സമീപം സമാപിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ ഭാരത് ജോഡോ യാത്ര തുടരാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.പൊതുവായ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിക്കും. യാത്രക്ക് മാത്രമായി മാനദണ്ഡങ്ങള്‍ കടുപ്പിച്ചാല്‍ അംഗീകരിക്കില്ലെന്ന സൂചന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ തന്നെ നല്‍കിയിരുന്നു. അതേസമയം കൊവിഡ് പരിശോധന ഫലം വീണ്ടും നിർബന്ധമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുകയാണ് കേന്ദ്രം. ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കാൻ കേന്ദ്രം ആലോചിക്കുന്നതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *