ഡൽഹി: ദേശീയ തലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞ് തുടരുന്നു. ബുധനാഴ്ച പുലർച്ചെ മുതൽ അനുഭവപ്പെട്ട കനത്ത മഞ്ഞ് ദൃശ്യപരതവൻതോതിൽ കുറച്ചതോടെ ജനജീവിതവും വ്യോമഗതാഗതവും ദുസ്സഹമായി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (IGI) വിമാന സർവീസുകളെ മഞ്ഞ് കാര്യമായി ബാധിച്ചു. വായുമലിനീകരണം രൂക്ഷമായി തുടരുന്നതിനിടെയുണ്ടായ കാലാവസ്ഥാ വ്യതിയാനം ഡൽഹി നിവാസികളെ കൂടുതൽ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

വിമാനത്താവളത്തിന്റെ പ്രവർത്തനം നിലവിൽ തുടരുന്നുണ്ടെങ്കിലും, മോശം കാലാവസ്ഥ കണക്കിലെടുത്ത് അധികൃതർ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. CAT III ലാൻഡിംഗ് സംവിധാനമില്ലാത്ത വിമാനങ്ങളുടെ സർവീസിനെ മഞ്ഞ് ബാധിച്ചേക്കാം. വളരെ കുറഞ്ഞ ദൃശ്യപരതയിലും വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് CAT III. ഈ സംവിധാനമില്ലാത്ത വിമാനങ്ങൾ വൈകാനോ വഴിതിരിച്ചുവിടാനോ സാധ്യതയുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയവിവരം ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ബുധനാഴ്ച രാവിലെ മാത്രം 30-ലധികം വിമാനങ്ങൾ വൈകി പുറപ്പെട്ടു.

ചൊവ്വാഴ്ച പത്തോളം വിമാനങ്ങൾ പൂർണ്ണമായും റദ്ദാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 270-ലധികം വിമാന സർവീസുകളെ മൂടൽമഞ്ഞ് ബാധിച്ചു.

ആഭ്യന്തര-അന്തർദേശീയ സർവീസുകളെ ഒരുപോലെ ബാധിച്ച ഈ പ്രതിസന്ധി മൂലം ടെർമിനലുകളിൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.

വിമാനങ്ങൾ റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്യാൻ സാധ്യതയുള്ളതിനാൽ, എയർലൈനുകളുടെ വെബ്‌സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കണം. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയും അപ്‌ഡേറ്റുകൾ നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *