കൊച്ചി മേയർ നിർണ്ണയത്തിൽ ഭൂരിപക്ഷം മാത്രം മാനദണ്ഡമാക്കിയ എറണാകുളം ഡിസിസി നേതൃത്വത്തിനും വി.ഡി. സതീശനുമെതിരെ പരസ്യവിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ. എല്ലാ കാര്യങ്ങളിലും ഭൂരിപക്ഷം നോക്കിയല്ല കോൺഗ്രസ് ഇതുവരെ തീരുമാനങ്ങൾ എടുത്തിട്ടുള്ളതെന്നും, ഇപ്പോൾ സ്വീകരിച്ച ഈ പുതിയ മാനദണ്ഡം ഇനിയങ്ങോട്ട് എല്ലാ കാര്യങ്ങളിലും തുടരാൻ നേതൃത്വം തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.

“ഒരിടത്ത് ഒരു നീതിയും മറ്റൊരിടത്ത് വേറൊരു നീതിയും നടപ്പിലാക്കുന്നത് ശരിയല്ല. എല്ലാ കാര്യത്തിലും ഭൂരിപക്ഷം മാത്രം നോക്കി തീരുമാനമെടുക്കുന്ന രീതി കോൺഗ്രസിന്റേതല്ല,” കുഴൽനാടൻ പറഞ്ഞു. പാർട്ടിക്കുള്ളിൽ സജീവമായി നിൽക്കുന്നവർക്ക് പലപ്പോഴും എതിർപ്പുകൾ നേരിടേണ്ടി വരും. എന്നാൽ പാർട്ടിയുടെ തീരുമാനങ്ങളിൽ പങ്കില്ലാത്തവർക്ക് ഇത്തരം എതിർപ്പുകൾ ഉണ്ടാകില്ലെന്നും, സ്വീകാര്യത എന്നത് പല രീതിയിലാണ് അളക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പരസ്യമായി പ്രതിഷേധിച്ച ദീപ്തി മേരി വർഗീസിന് മാത്യു കുഴൽനാടൻ പൂർണ്ണ പിന്തുണ നൽകിയിരുന്നു. “രാഷ്ട്രീയത്തിൽ ആരെയും എന്നെന്നേക്കുമായി മാറ്റിനിർത്താനാവില്ലെന്നും ഒരു വാതിൽ അടയുമ്പോൾ പല വാതിലുകൾ തുറക്കപ്പെടുമെന്നും” ദീപ്തിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വി.കെ. മിനിമോൾക്കും ഷൈനി മാത്യുവിനും രണ്ടര വർഷം വീതം പദവി പങ്കിട്ടു നൽകിയ തീരുമാനത്തിനെതിരെ ദീപ്തി കെപിസിസി അധ്യക്ഷന് പരാതി നൽകിയതിന് പിന്നാലെയാണ് കുഴൽനാടന്റെ ഈ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *