കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥയെ വിജിലൻസ് സംഘം പിടികൂടി. പാനൂർ സ്വദേശിനിയായ മഞ്ജിമ രാജീവാണ് പണവുമായി റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റിലായത്. ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കായി ഉദ്യോഗാർത്ഥിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഇവർ.
പരാതിക്കാരനിൽ നിന്നും 6,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് സംഘം മഞ്ജിമയെ കൈയോടെ പിടികൂടിയത്. റെയിൽവേ സ്റ്റേഷനിൽ വെച്ച് പണം കൈമാറാമെന്നായിരുന്നു ഇവർ നൽകിയ നിർദ്ദേശം. വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. അറസ്റ്റിലായ ഉദ്യോഗസ്ഥയെ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
