വയനാട്ടിലെ ജനവാസ മേഖലയിൽ എത്തിയ കരടിയെ കാടുകയറ്റി. രാത്രി വൈകി ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നെയ്കുപ്പ ഭാഗത്ത്‌ കരടിയെ കണ്ടിരുന്നു. പട്രോളിങ് ടീം പിന്തുടർന്നാണ് കാടുകയറ്റിയത്. 90 മണിക്കൂറാണ് ജനവാസ മേഖലയില്‍ കരടി സഞ്ചരിച്ചത്. ഇന്നലെ പനമരം കീഞ്ഞുകടവിൽ കണ്ടശേഷം കരടിയെ പകൽ മറ്റൊരിടത്തും കണ്ടിരുന്നില്ല. കാൽപ്പാടുകൾ പിന്തുടരാൻ ശ്രമിച്ചെങ്കിലും കരടി പോയവഴി കണ്ടെത്താനായില്ല. പുഴയൊഴുക്കുനോക്കി കരടി കാടുപിടിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലായിരുന്നു വനംവകുപ്പ്. രാത്രി കരടിയെ വീണ്ടും കണ്ടു. ഇന്നലെ അർദ്ധരാത്രിയാണ് ഇരുളം ഫോറസ്റ്റ് പരിസരത്തു നിന്ന് കരടിയെ കാട്ടിലേക്ക് കയറ്റിയത്. ഞായറാഴ്ച പുലർച്ചെ 2 മണിയോടെ പയ്യമ്പള്ളിയിലാണ് കരടിയെ ആദ്യം കണ്ടത്. പിന്നീട് തോണിച്ചാൽ, പീച്ചങ്കോട്, തരുവണ കരിങ്ങാരി എന്നീ മേഖലകളിലെത്തി. ഒരു ദിവസം മുന്‍പ് കരിങ്ങാരിയിലെ നെൽപ്പാടത്തും തോട്ടത്തിലുമായി കരടിയെ കണ്ടു. വനംവകുപ്പ് മയക്കുവെടിക്ക് ശ്രമിച്ചെങ്കിലും ഫലിച്ചിരുന്നില്ല. അവശൻ ആണെങ്കിലും കരടി അതിവേഗം മറ്റൊരിടത്തേക്ക് ഓടി മറയുന്നതാണ് ദൗത്യ സംഘത്തിന് മുന്നിലെ വെല്ലുവിളിയായി മാറിയത്. ഇരുട്ടു വീഴുംവരെ കരടിക്ക് പിറകെയായിരുന്നു ആർആർടി. ഒടുവില്‍ അർദ്ധരാത്രിയോടെ ആശ്വാസമായി.

Leave a Reply

Your email address will not be published. Required fields are marked *