ന്യൂഡല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും. കൈമാറ്റത്തിനുള്ള ഹര്‍ജി യുഎസ് സുപ്രീംകോടതി ശരിവച്ചു. റാണ ഗൂഢാലോചന നടത്തിയെന്നും ഭീകരര്‍ക്ക് സഹായം നല്‍കിയെന്നുമാണ് കണ്ടെത്തല്‍.
പാകിസ്താനി-കനേഡിയന്‍ പൗരനാണ് തഹാവൂര്‍ റാണ. തന്നെ ഇന്ത്യക്ക് കൈമാറരുതെന്നാവശ്യപ്പെട്ട് റാണ വിവിധ ഫെഡറല്‍ കോടതികളില്‍ നല്കിയ അപ്പീലുകള്‍ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഒടുവില്‍ സുപ്രിംകോടതിയും ഇയാളെ ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനം ശരിവക്കുകയായിരുന്നു.
നിലവില്‍ ഇദ്ദേഹം ലോസ് ഏഞ്ചല്‍സില്‍ തടവില്‍ കഴിയുകയാണ്. പാകിസ്ഥാന് ആര്‍മിയിലെ മുന്‍ ഡോക്ടറായ റാണ 1990-കളില്‍ കാനഡയിലേക്ക് താമസം മാറുകയും അവിടെ അദ്ദേഹം പൗരത്വം സ്വീകരിക്കുകയും ചെയ്തു. പിന്നീട് അമേരിക്കയിലേക്ക് താമസം മാറി. തുടര്‍ന്ന് ചിക്കാഗോയില്‍ ഫസ്റ്റ് വേള്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് എന്ന ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ആരംഭിച്ചു.
ഇവിടെ വെച്ചാണ് മുംബൈ ഭീകരാക്രമണത്തില്‍ ലഷ്കറെ ത്വയ്യിബക്ക് വേണ്ടി പ്രവര്‍ത്തിച്ച ഡേവിഡ് ഹെഡ്ലിയെ പരിചയപ്പെടുന്നത്. കേസില്‍ ഇയാളും അമേരിക്കയില്‍ അറസ്റ്റിലായിട്ടുണ്ട്. ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ മറവില്‍ ഹെഡ്ലിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് റാണക്കെതിരായ ആരോപണം. ഹെഡ്ലിയെ സഹായിച്ചതിന് 2009ണ് റാണയെ യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്യുന്നത്.
