കുന്ദമംഗലം സിന്ധു തിയേറ്ററിന് സമീപം നാഷണൽ ഹൈവേയുടെ പാതയോരത്ത് മധ്യപ്രദേശിൽ നിന്നെത്തിയ നാടോടി സംഘം കുടുംബസമേതം തമ്പടിച്ചിരിക്കുകയാണ്. ഇവരുടെ പ്രധാന ഉപജീവനം പരമ്പരാഗത രീതിയിൽ പണിയായുധങ്ങൾ നിർമ്മിക്കലാണ്.
കത്തി, മഴു, അരിവാൾ, കൊടുവാൾ തുടങ്ങി വീടുകൾക്കും കൃഷിക്കും ആവശ്യമായ വിവിധ പണിയായുധങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. ലോറികളുടെ പഴയ ലീഫ് ഉപയോഗിച്ച് ചൂളയിൽ പഴുപ്പിച്ച ശേഷം ആയുധങ്ങളാക്കി മാറ്റുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. ആയുധങ്ങളുടെ പിടികൾ മരത്തിൽ തന്നെ നിർമ്മിക്കുന്നതും ഇവർ തന്നെയാണ്.
നാട്ടുകാർ ധാരാളമായി ഇവരുടെ ആയുധങ്ങൾ വാങ്ങാൻ എത്തുന്നുണ്ട്. മറ്റ് ഇടങ്ങളിൽ ലഭിക്കുന്നതിനെക്കാൾ മികച്ച ഗുണനിലവാരമാണ് ഇവർ നിർമ്മിക്കുന്ന ആയുധങ്ങൾക്ക് ഉണ്ടെന്നതാണ് വാങ്ങുന്നവരുടെ അഭിപ്രായം.
കുട്ടികളടക്കമുള്ള കുടുംബങ്ങളാണ് മധ്യപ്രദേശിൽ നിന്ന് വാഹനത്തിൽ ഇവിടെ എത്തിയത്. റോഡ് വക്കിൽ ചെറിയ കുടിൽ നിർമ്മിച്ചാണ് താമസം. ഭക്ഷണം പാകം ചെയ്യുന്നതിനും കുട്ടികളെ ഉറക്കുന്നതിനും മുലയൂട്ടുന്നതിനും ആവശ്യമായ ലഘുവായ സൗകര്യങ്ങൾ ഇവർ ഒരുക്കിയിട്ടുണ്ട്. കൊണ്ടുവന്ന വാഹനത്തിൽ വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും സൂക്ഷിച്ചിരിക്കുന്നു.

പ്രദർശനത്തിനായി നിരത്തി വെച്ചിരിക്കുന്ന അനവധി പണിയായുധങ്ങൾ തന്നെ ഒരു കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്. പാതയിലൂടെ പോകുന്നവരും കുടുംബസമേതം യാത്ര ചെയ്യുന്നവരും ആയുധനിർമാണം കാണാനും വാങ്ങാനും ഇവിടെ നിൽക്കുന്നത് പതിവാണ്. പാതയോരത്ത് കുടുംബസമേതം താമസിച്ച് ഭക്ഷണം പാകം ചെയ്യുന്നതും പരമ്പരാഗത ആയുധ നിർമ്മാണം നടത്തുന്നതും നാട്ടുകാർക്ക് വലിയ കൗതുകകാഴ്ചയായി മാറിയിരിക്കുകയാണ്.
അടുത്ത പ്രദേശങ്ങളിലേക്കും തമിഴ്നാട്ടിലേക്കും ഇത്തരത്തിൽ സഞ്ചരിക്കാറുണ്ടെന്നും, മഴക്കാലം ആരംഭിക്കുന്ന ജൂൺ മാസത്തോടെ സ്വന്തം നാട്ടിലേക്ക് മടങ്ങുമെന്നും നാടോടി സംഘം പറഞ്ഞു.
