തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി എൽഡിഎഫ് ഫെബ്രുവരിയിൽ വിപുലമായ വികസന മുന്നേറ്റ ജാഥകൾ സംഘടിപ്പിക്കും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾ വിലയിരുത്താനും ജനങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ട് അറിയാനുമാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് അനുകൂല നിലപാടാണുള്ളതെന്നും എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകാനാണ് മുന്നണി തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തെ മൂന്ന് മേഖലകളായി തിരിച്ചാണ് ജാഥകൾ സംഘടിപ്പിക്കുന്നത്. വടക്കൻ മേഖലാ ജാഥയ്ക്ക് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നേതൃത്വം നൽകും. ഇത് ഫെബ്രുവരി ഒന്നിന് ആരംഭിക്കും. ഫെബ്രുവരി നാലിന് തുടങ്ങുന്ന മധ്യ മേഖലാ ജാഥയ്ക്ക് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും, തെക്കൻ മേഖലാ ജാഥയ്ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നേതൃത്വം നൽകും. പ്രമുഖ ഇടതുപക്ഷ നേതാക്കൾ അണിനിരക്കുന്ന ഈ ജാഥകൾ സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള ജനകീയ അംഗീകാരമായി മാറ്റാനാണ് മുന്നണിയുടെ ശ്രമം.
മേഖലാ ജാഥകൾക്ക് പുറമെ ഓരോ അസംബ്ലി മണ്ഡല അടിസ്ഥാനത്തിലും പ്രത്യേക ജാഥകൾ സംഘടിപ്പിക്കും. എൽഡിഎഫ് എംഎൽഎമാരുള്ള മണ്ഡലങ്ങളിൽ അവർ തന്നെയാകും ജാഥകൾക്ക് നേതൃത്വം നൽകുക. വികസന നേട്ടങ്ങൾ വിവരിക്കുന്നതിനൊപ്പം പ്രാദേശികമായ പ്രശ്നങ്ങൾ കേൾക്കാനും ജനസമ്പർക്കം ഉറപ്പാക്കാനുമാണ് ഈ മണ്ഡലതല ജാഥകൾ ക്രമീകരിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ അടിത്തറ ഭദ്രമാക്കാനുള്ള ഇടതുമുന്നണിയുടെ നിർണ്ണായക നീക്കമായിട്ടാണ് ഈ പ്രചാരണ പരിപാടികൾ വിലയിരുത്തപ്പെടുന്നത്.
