മുഖത്തും തലക്കും പുറത്തും വടി കൊണ്ട് ക്രൂരമായി മർദിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
വയനാട് കൽപ്പറ്റയിൽ 16 വയസുകാരനായ വിദ്യാർത്ഥിയെ ഒരു സംഘം വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചു. ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി രസിക്കുന്നതും പുറത്തുവന്നിട്ടുണ്ട്.
ഫോൺ വിളിച്ചു സ്ഥലത്തെത്തിച്ച ശേഷമാണ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചത്. മുഖത്തും തലക്കും ഇടിക്കുകയും ചവിട്ടി താഴെ ഇടുകയും പുറത്ത് വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തതായി ദൃശ്യങ്ങളിൽ കാണാം. കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നവർ, ആക്രമിക്കപ്പെടുന്ന കുട്ടി ആസ്തമ രോഗിയാണെന്നും ഇനി മതി എന്നും പറയുന്നതും വീഡിയോയിൽ കേൾക്കാം.
തടഞ്ഞുവെച്ച് മർദിച്ചെന്ന കേസിൽ കൽപ്പറ്റ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാർത്ഥിക്ക് കല്പറ്റ വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്
മുൻപ് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയ സംഭവം വീണ്ടും ഓർമിപ്പിക്കുന്നതാണ് ഈ സംഭവം. പ്രായപൂർത്തിയാകാത്തതെന്ന നിയമപരമായ പരിഗണനയാണ് ഇത്തരം കുട്ടി ആക്രമണങ്ങൾ വർധിക്കാൻ കാരണമാകുന്നതെന്ന ആശങ്കയും ഉയരുന്നുണ്ട്. ജാമ്യമില്ല വകുപ്പുകാരമാണ് പോലീസ് കേസെടുത്തതെന്ന് കൽപ്പറ്റ പോലീസ് പറഞ്ഞു
