വാക്കുത്തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതിയുടെ മൊഴി. വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിക്കു നേരെ പ്രതി നടത്തിയത് ക്രൂരമായ ആക്രമണമാണെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മുഖത്തും കണ്ണിലും പല തവണ ഇടിച്ചു. ബഹളമുണ്ടാക്കിയപ്പോൾ മുഖവും വായും പൊത്തിപ്പിടിച്ചു. മർദ്ദനത്തിനിടെ കരിങ്കല്ലിലേക്ക് തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റുവെന്നും പൊലീസ് കണ്ടെത്തി.

എറണാകുളം വൈറ്റിലയിലെ യുവതിയുടെ കൊലപാതകത്തിൽ പ്രതിയുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് വിവരങ്ങൾ കണ്ടെത്തിയത്. കേസിൽ പൊന്നുരുന്നി സ്വദേശി ഷാജിയാണ് ഇന്നലെ വൈകിട്ട് അറസ്റ്റിലായത്. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കോട്ടയം ചിങ്ങവനം സ്വദേശി സുധ ബേബിയെ ആണ് ഇന്നലെ വൈറ്റില മേൽപാലത്തിനു താഴെ റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

അമൃത എക്സ്പ്രസിലെ ലോക്കോ പൈലറ്റാണ് ട്രാക്കിന് സമീപം മൃതദേഹം കിടക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. മരട് പൊലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ ശരീരത്തിലെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *