സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആ ദിവസം പരാതിക്കാരിയും ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ല. ഉമ്മന്‍ ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കും എതിരായ സോളാര്‍ പീഡനക്കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

2018ലാണ് പരാതിക്കാരുടെ മൊഴി പ്രകാരം ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് രണ്ടര വര്‍ഷം ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തി. തുടര്‍ന്ന് പരാതിക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്. ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുക. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ പരാതിയില്‍ യാതൊരു തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ക്ലിഫ് ഹൗസില്‍വെച്ച് 2012 സെപ്റ്റംബര്‍ 19ന് നാല് മണിക്ക് ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. കൃത്യം നടന്നു എന്നു പറയുന്ന സമയത്ത് ക്ലിഫ് ഹൗസിലുണ്ടായിരുന്ന പോലീസുകാര്‍, ജീവനക്കാര്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്, മറ്റ് ആളുകള്‍ എന്നിവരെ ചോദ്യം ചെയ്തതതിന്റേയും പരാതിക്കാരിയുടേയും ഡ്രൈവറുടേയും മൊഴിയുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം പീഡനം നടന്നു എന്ന് പറയുന്ന സമയത്ത് ഉമ്മന്‍ ചാണ്ടിയോ പരാതിക്കാരിയോ സ്ഥലത്ത് ഉണ്ടായിരുന്നു എന്നതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *