കേരളം രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്നും വിവിധ മേഖലകളിൽ സമാനതകളില്ലാത്ത പുരോഗതിയാണ് നാട് കൈവരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞിരപ്പള്ളിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ബദൽ നയങ്ങളാണ് കേരളത്തെ അതിദാരിദ്ര്യമുക്തമാക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായ ഭരണത്തിന്റെ നേട്ടമാണ് ഈ പുരോഗതിയെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ കേന്ദ്ര സഹായം ലഭിക്കാതിരുന്നിട്ടും കേരളം വികസന പാതയിൽ മുന്നേറുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കോർപ്പറേറ്റ് നയങ്ങൾ പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരാക്കുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്രം വിറ്റഴിക്കാൻ തീരുമാനിച്ച എച്ച്.എൻ.എൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് രാജ്യത്തെ തന്നെ മികച്ച സ്ഥാപനമാക്കി മാറ്റിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിക്ക് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പന്നർക്ക് മാത്രം മുൻഗണന നൽകുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ജനപക്ഷത്ത് നിന്നുള്ള വികസന മാതൃകയാണ് കേരളം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
