പണമിടപാടുകള്‍ ഈ മാസം 30 ന് ശേഷവും തടസമില്ലാതെ നടത്താന്‍ കരുതലെടുക്കണമെന്ന മുന്നറിയിപ്പുമായി എച്ച്ഡിഎഫ്‌സി, സ്ബിഐ ബാങ്കുകള്‍. പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ജൂണ്‍ 30 നകം ബന്ധിപ്പക്കാനാണ് നിര്‍ദ്ദേശം. ഈ തിയതിക്കകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ പിന്നീട് പ്രവര്‍ത്തിക്കുന്നതല്ലെന്നും അറിയിപ്പില്‍ പറയുന്നു.

സാമ്പത്തിക ഇടപാടുകള്‍ മുടക്കമില്ലാതെ നടത്തുന്നതിന് നിര്‍ദ്ദേശം പാലിക്കണമെന്നാണ് ബാങ്കുകളുടെ മുന്നറിയിപ്പ്. പാന്‍കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്‍പ്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ നടക്കാതാവും. പിന്നീട് എപ്പോഴാണോ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് അന്നു മുതല്‍ നിലവിലുണ്ടായിരുന്ന പാന്‍ നമ്പര്‍ പുനഃസ്ഥാപിക്കപ്പെടും. അതോടെ ഈ സാമ്പത്തിക ഇടപാടുകള്‍ നടത്താനുമാകും. അതേ സമയം പാന്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള സാധാരണ ഇടപാടുകാരുടെ ഇടപാടുകള്‍ തടസപ്പെടില്ല.

രാജ്യത്ത് ഇനിയും ആധാറുമായി ബന്ധിപ്പിക്കാനുള്ള പാന്‍കാര്‍ഡുകളുടെ എണ്ണം 17 കോടിയോളമാണ്. ആദായ നികുതി വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ 30.75 കോടി പാന്‍ കാര്‍ഡുകളാണ് കഴിഞ്ഞ ജനുവരി ഏഴു വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. പറഞ്ഞ തീയതിക്കകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ അത്തരം പാന്‍ നമ്പറുകള്‍ തത്കാലത്തേയ്ക്ക് പ്രവര്‍ത്തന രഹിതമാകും. ഐ ടി ആക്ട് സെക്ഷന്‍ 272 ബി അനുസരിച്ച് 10,000 രൂപ വരെ പിഴ ചുമാത്താവുന്ന കുറ്റവുമാണിത്. ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് പാനിലും ആധാറിലും രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ഒന്നായിരിക്കണം. പേര്, ജനന തിയതി, ലിംഗം ഇവ ഇരുകാര്‍ഡുകളിലും വ്യത്യസ്തമാകാന്‍ പാടില്ല. അങ്ങനെയെങ്കില്‍ അത് പരിഹരിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *