രാജ്യത്ത് കൊവിഡ് തരംഗം ആഞ്ഞടിച്ച 2020 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ മുതല്‍ തന്നെ ഭാവിയിലേക്ക് ആവശ്യമായ കരുതലുകള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട്. 12 അംഗ നാഷണല്‍ ടാസ്‌ക് ഫോഴ്‌സിന്റേതാണ് റിപ്പോര്‍ട്ട്. രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം ഉണ്ടായപ്പോഴേക്കും ഈ നടപടികള്‍ ഫലപ്രദമായി ഉപയോഗിക്കാനായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒന്നാം തരംഗത്തില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ദ്രവ ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്തിയിരുന്നു. സിലിണ്ടറുകള്‍ വഴി ആശുപത്രികളില്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്റെ(എല്‍എംഒ) ലഭ്യതയും ഉറപ്പുവരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ വാതക നിര്‍മ്മാണം നടത്തുന്ന സ്വകാര്യമേഖലയ്ക്ക് മെഡിക്കല്‍ ഓക്‌സിജന്‍ നിര്‍മ്മാണത്തിന് ലൈസന്‍സ് നല്‍കി. യുപിയിലെ മോഡിനഗറിലും മഹാരാഷ്ട്രയിലെ പൂനെയിലും എല്‍എംഒ യൂണിറ്റുകള്‍ ആരംഭിച്ചു… തുടങ്ങിയതും കേന്ദ്രത്തിന്റെ നേട്ടമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം കൊവിഡ് രണ്ടാം തരംഗത്തിനിടയില്‍ ദില്ലി സര്‍ക്കാര്‍ അനാവശ്യ ഓക്‌സിജന്‍ പ്രതിസന്ധി ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 300 മെട്രിക് ടണ്‍ ഓക്‌സിജന്‍ വേണ്ട സ്ഥലത്ത് 1200 മെട്രിക് ടണ്‍ ഓക്‌സിജന്‍ ദില്ലി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് ഓക്‌സിജന്‍ വിതരണത്തില്‍ പ്രതിസന്ധിയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍.

കെജ്രിവാള്‍ സര്‍ക്കാര്‍ ഓക്‌സിജന്‍ ആവശ്യം പെരുപ്പിച്ചുകാട്ടിയെന്ന കണ്ടെത്തല്‍ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടകത്തിലെ ആരോഗ്യമന്ത്രി രംഗത്തെത്തി. രോഗവ്യാപനം രൂക്ഷമായിരുന്ന സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്ന കെജ്രിവാളിന്റെ നടപടി ശിക്ഷ അര്‍ഹിക്കുന്ന കുറ്റമല്ലേയെന്ന് ആരോഗ്യമന്ത്രി ഡോ കെ സുധാകര്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിനെ ടാഗ് ചെയ്താണ് മന്ത്രിയുടെ ട്വീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *