ഇന്ന് ജൂൺ 25. ജനാധിപത്യത്തിനുമേൽ തീരാകളങ്കമായി പതിച്ച അടിയന്തിരാവസ്ഥയുടെ ഓർമയ്ക്ക് 49 വയസ്. 1975 ൽ ഈ ദിവസമാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഉരുക്കുവനിത, രാജ്യത്തിന്റെ ഏക വനിതാ പ്രധാനമന്ത്രി- സ്ത്രീകൾ പുറംലോകം കാണാത്ത കാലത്ത് ഇന്ദിരാ ഗാന്ധി നേടിയെടുത്ത വിശേഷണങ്ങൾ ഏറെയാണ്. ഒരു പക്ഷെ രാജ്യചരിത്രത്തിൽ തന്നെ ഏറ്റവും അധികം ഓർക്കപ്പെടുന്ന പേരുകളിൽ ഒന്ന്. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഒരു കറുത്ത അദ്ധ്യായം എഴുതി ചേർത്തിരിക്കുന്നതും ഇതേ പേരിൽ തന്നെ- അടിയന്തരാവസ്ഥ. 49 വർഷങ്ങൾക്കപ്പുറവും കോൺഗ്രസിനെയും ഇന്ദിരയുടെ പിൻഗാമികളെയും നിശബ്ദരാക്കുന്ന, അക്ഷരാർഥത്തിൽ രാജ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അബദ്ധങ്ങളിൽ ഒന്ന്.1971 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ദിരക്ക് എതിരെ റായ്‌ബറേലിയിൽ മത്സരിച്ച രാജ്നരെയ്ൻ, ഇന്ദിര രാഷ്ട്രീയ നേട്ടങ്ങൾക്കായി പൊതുസംവിധാനങ്ങളെ ദുരുപയോഗം ചെയ്തു എന്ന ആരോപണവുമായി അലഹബാദ് ഹൈക്കോടതിയിൽ നൽകിയ കേസ് ആണ് സംഭവങ്ങൾക്ക് തുടക്കം. ഇന്ദിര 6 വർഷത്തേക്ക് പൊതുരംഗത്തു നിന്ന് മാറിനിൽക്കണമെന്ന് കോടതി വിധിച്ചു. വിധിക്കെതിരെ ഇന്ദിര അപ്പീൽ നൽകി. പ്രധാനമന്ത്രിയായി ഇന്ദിരക്ക് തല്ക്കാലം തുടരാമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.സർക്കാരിനെതിരെ പ്രതിഷേധം ആളുന്ന കാലം. ജനകീയ പ്രക്ഷോഭങ്ങൾ മുന്നിൽ നിന്ന് നയിച്ചത് ജയപ്രകാശ് നാരായൺ ആണ്. രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങൾക്ക് ഇന്ദിര കണ്ടെത്തിയ പരിഹാരമായിരുന്നു അടിയന്തരാവസ്ഥ. ഇടം വലം നോക്കാതെ 1975 ജൂൺ 25 ന് രാഷ്‌ട്രപതി ഫക്രുദ്ദിൻ അലി അഹമ്മദിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനം വന്നു. ഒരു വ്യക്തിയുടെ തീരുമാനം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ കൂച്ചുവിലങ്ങണിയിച്ചു. പലപ്പോഴും മകൻ സഞ്ജയ്‌ ഗാന്ധിയുടെ കളിപ്പാവയായി ഇന്ദിര മാറുന്നത് രാജ്യം കണ്ടു. അറസ്റ്റ് ഭയന്ന് ജീവിക്കുന്ന ജനത. മൗലിക അവകാശങ്ങൾ ലംഘിക്കപ്പെട്ടാലും കോടതിയെ സമീപിക്കാൻ കഴിയാത്ത അവസ്ഥ. 42 ആം ഭരണഘടനാ ഭേദഗതിയിലൂടെ സർക്കാരിന് അമിത അധികാരങ്ങൾ കൈവന്നു. ജനത ഒന്നിച്ചു പോരാടി നേടിയ സ്വാതന്ത്ര്യവും ഒരുമിച്ച് കണ്ട സ്വപ്നങ്ങളും കാറ്റിൽ പറന്ന രണ്ട് വർഷങ്ങൾ. ഒടുവിൽ 1977 മാർച്ച്‌ 21ന് അടിയന്തരാവസ്ഥ പിൻവലിച്ചു. രണ്ട് വർഷത്തെ ഇരുട്ടിനു ജനങ്ങൾ മറുപടി നൽകി. 1977ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ തിരിച്ചടി നേരിട്ടു. അങ്ങനെ രാജ്യത്തെ ആദ്യ കോൺഗ്രസ് ഇതര സർക്കാർ അധികാരത്തിൽ വന്നു.

Leave a Reply

Your email address will not be published. Required fields are marked *