ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞചെയ്യും.രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്ന് ആദ്യത്തെ രാഷ്ട്രപതിയായി ചരിത്രം കുറിക്കാനായി ഒരുങ്ങുകയാണ് ദ്രൗപദി മുർമു. സത്യപ്രതിജ്ഞാ ചടങ്ങിനായി വിശിഷ്ടാതിഥികള്‍ പാര്‍ലമെന്റിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അമേരിക്കയുടെ ഇന്ത്യന്‍ അംബാസിഡറാണ് ആദ്യമെത്തിയത്.രാവിലെ 9.22 ന് രാഷ്‌ട്രപതി ഭവനിലെ നോർത്ത് കോർട്ടിലെത്തുന്ന ദ്രൗപദി മുർമു കാലാവധി പൂർത്തിയാക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കും. തുടർന്ന് 9.49ന് രാഷ്ട്രപതിക്കുള്ള പ്രത്യേക വാഹനത്തിൽ ഇരുവരും പാർലമെന്റിലേക്ക് പുറപ്പെടും. രാവിലെ 10.03ന് രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവും ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയും ചീഫ് ജസ്റ്റിസ് എൻ വി രമണയും ചേർന്ന് ഇരുവരെയും സ്വീകരിക്കും.10.11ന് പുതിയ രാഷ്‌ട്രപതിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് ആഭ്യന്തര സെക്രട്ടറി വായിക്കും. തുടർന്ന് 10.14ന് ദ്രൗപദി മുർമുവിന് ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. പിന്നാലെ സ്ഥാനമൊഴിയുന്ന രാഷ്‌ട്രപതി ഇരിപ്പിടം കൈമാറും.

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ, മുഖ്യമന്ത്രിമാർ, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികൾ, മൂന്നുസേനകളുടെയും മേധാവികൾ, പാർലമെന്റംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *