ലോക്സഭയിൽ പ്രതിഷേധിച്ചതിന് നാല് കോൺഗ്രസ് എംപിമാരെ സ്പീക്കർ സസ്പെന്റ് ചെയ്തു. രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്ലക്കാര്‍ഡ് ഉയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് സസ്‌പെന്‍ഷന്‍. വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാകുന്നത് വരെയാണ് സസ്‌പെന്‍ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.രാവിലെ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നതിനാലാണ് ഉച്ചയ്ക്ക് ചേരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം ബഹളം വെച്ചു.

ലോക്‌സഭ ഒരു തവണ നിര്‍ത്തിവെച്ചു. തുടര്‍ന്ന് വീണ്ടും ചേര്‍ന്നപ്പോഴാണ് കോണ്‍ഗ്രസ് എംപിമാര്‍ പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ജിഎസ്ടി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.പ്രതിഷേധം നടത്തിയ എംപിമാരോട് സംയമനം പാലിക്കണമെന്നും സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തരുതെന്നും സ്പീക്കര്‍ ഓം ബിര്‍ള മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്ന് മണിക്ക് ശേഷം ചര്‍ച്ചയാകാമെന്നും അകത്ത് പ്ലക്കാര്‍ഡ് പ്രതിഷേധം അനുവദനീയമല്ലെന്നും സ്പീക്കര്‍ താക്കീത് ചെയ്തു. ‘നിങ്ങള്‍ക്ക് പ്ലക്കാര്‍ഡ് കാണിക്കണമെങ്കില്‍ സഭയുടെ പുറത്തുപോയി ചെയ്യൂ. ഞാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. പക്ഷെ, എന്റെ ദയ ദൗര്‍ബല്യമായി കാണരുത്,’ സ്പീക്കര്‍ ലോക്സഭയില്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *