ഷിരൂരിലെ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട അർജുനായുള്ള തെരച്ചിൽ അതി നിർണായക മണിക്കൂറുകളിലേക്ക്. ശക്തമായ അടിയൊഴിക്കുണ്ടെങ്കിലും മൂന്ന് സംഘങ്ങളിലായി 15 അംഗ ദൌത്യസംഘം ഗംഗാവലി നദിയിലേക്ക് ഇറങ്ങി. നാവിക സേനയുടെ മുങ്ങൽ വിദഗ്ധരടക്കമുളള സംഘമാണ് നദിയിലേക്ക് പരിശോധനക്ക് ഇറങ്ങിയത്. നദിയിലെ അടിയൊഴുക്കും, ഡൈവിംഗ് നടത്താൻ അനുയോജ്യമാണോ എന്നും ആദ്യ ഘട്ടത്തിൽ പരിശോധിക്കും. ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. ലോറിയുടെ സ്ഥാനം കൃത്യമായി നിർണ്ണയിക്കാനുള്ള ഐ ബോർഡ് പരിശോധന തുടങ്ങുമ്പോൾ ഉച്ചയ്ക്ക് ഒരു മണി കഴിയുമെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന വിവരം. ഇതിന് മുന്നോടിയായാണ് പരിശോധന. ഐബോഡിനായുള്ള ബാറ്ററി ദില്ലിയിൽ നിന്നും ട്രെയിൻ മാർഗം കാർവാർ സ്റ്റേഷനിൽ എത്തിച്ചു. ഡ്രോൺ പറത്തി തുടങ്ങി രണ്ട് മണിക്കൂറിനുള്ളിൽ വിവരം ലഭിക്കും.പുഴയിൽ ഇറങ്ങാൻ പറ്റുന്ന സാഹചര്യം വന്നാൽ നേവിയുടെ മുങ്ങൽ വിദഗ്ധൻമാർ ലോറിക്ക് അരികിലേക്ക് എത്തി മനുഷ്യ സാന്നിധ്യം ഉണ്ടോ എന്ന് ആദ്യം ഉറപ്പാക്കും. പിന്നീടായിരിക്കും കുത്തൊഴുക്കുള്ള പുഴയിൽ ലോറി ഉറപ്പിച്ച് നിർത്തുന്നതിനുള്ള ജോലി പൂർത്തിയാക്കുക.ലോറിയിൽ കുരുക്കിട്ട് കരയിലേക്ക് ബന്ധിപ്പിക്കുകയും വേണം.കൂടാതെ ഇന്ന് ദൗത്യത്തിൽ ഇരുന്നൂറോളം പേർ നേരിട്ട് പങ്കെടുക്കുന്നു. 31 എൻഡിആർഎഫ് അംഗങ്ങൾ, 42 എസ്‌ഡിആർഎഫ് അംഗങ്ങൾ എന്നിവർ ദൗത്യത്തിൽ പങ്കാളിയാകുന്നു. ഇവർക്കൊപ്പം കരസേനയുടെ 60 അംഗങ്ങൾ, നാവികസേനയുടെ 12 ഡൈവർമാർ എന്നിവരും സ്ഥലത്തുണ്ട്. കർണാടക അഗ്നിരക്ഷാ സേനയുടെ 26 അംഗങ്ങളും ദൗത്യത്തിൽ പങ്കാളികളാണ്. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിൽ സാങ്കേതിക സംഘം സ്ഥലത്തുണ്ട്. ഇത് കൂടാതെ ബൂം എക്സ്കവേറ്റർ അടക്കംഉപകരണങ്ങളുടെ വിദഗ്ധരും സ്ഥലത്ത് ഉണ്ട്.നൂറോളം വരുന്ന പൊലീസ് സംഘവും ജില്ലാ ഭരണകൂടത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *