എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. എന്തിനാണ് കേസുകള്‍ നീട്ടികൊണ്ടുപോകുന്നതെന്ന് ചോദിച്ച കോടതി, ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ വേഗത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്തുകൊണ്ടാണ് ഇഡി, സിബിഐ കേസുകള്‍ വൈകുന്നതെന്ന് വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

ഇക്കാര്യത്തില്‍ കേന്ദ്രം വിശദാംശങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 20-30 വര്‍ഷമായിട്ടും കുറ്റപത്രം നല്‍കാത്ത കേസുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇഡിക്കെതിരെയും സിബിഐക്കെതിരെയും വിമര്‍ശനവും കോടതി കോടതി ഉന്നയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സ്വത്തുക്കള്‍ ഇഡി മരവിപ്പിക്കും, അതിന് ശേഷം ഒരു നടപടിയും ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ വലിച്ചുനീട്ടുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. സാമ്പത്തിക ക്രമക്കേട് കേസുകളിലെ അന്വേഷണം പൂര്‍ത്തിയാകാന്‍ സമയം എടുക്കുമെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയില്‍ മറുപടി നല്‍കിയത്. കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഉത്തരവ് ഇറക്കണമെന്ന് എസ്ജി ആവശ്യപ്പെട്ടു. ഇക്കാര്യം ഹൈക്കോടതിയോട് ആവശ്യപ്പെടാമെന്ന് സുപ്രീംകോടതി അറിയിച്ചു. ദില്ലിയില്‍ ഇരുന്ന് എല്ലാ സംസ്ഥാനങ്ങളിലെയും കോടതികളെ നിരാക്ഷിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *