കുന്ദമംഗലം : ഐ സി ഡി എസ് ഓഫീസറും ശാസ്ത്ര സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന കെ.സുകുമാരന്റെ ചരമദിനത്തിൽ സുകു അനുസ്മരണസമിതി സംഘടിപ്പിച്ച “സുകു സ്മരണ 22″ന്റെ ഭാഗമായി അംഗൻവാടി കുട്ടികൾക്കും പ്രവർത്തകർക്കും മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് നടത്തിയ ചിത്രത്തിന് നിറം നൽകൽ മത്സരത്തിൽ വെള്ളാരംകുന്ന് അംഗൻവാടിയിലെ ഫാത്തിമ മിർഷ ഒന്നാംസ്ഥാനവും കൈരളി അംഗൻവാടിയിലെ ശ്രീരാഗ് രണ്ടാം സ്ഥാനവും ആനശ്ശേരിതാഴം അംഗൻവാടിയിലെ ഷെൻസ ഫാത്തിമ മൂന്നാം സ്ഥാനവും നേടി. അംഗൻവാടി പ്രവർത്തകർക്കും അമ്മാമമാർക്കും നടത്തിയ “നാട്ടറിവ്” മത്സരത്തിൽ ഒന്നാം സ്ഥാനം റംല നടുക്കണ്ടിയിലും രണ്ടാം സ്ഥാനം സീനഭായ് ഇയ്യാറമ്പിലും മൂന്നാം സ്ഥാനം പ്രസീല കളരിക്കണ്ടിലും കരസ്ഥമാക്കി.

തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ അഡ്വ.പി ടി എ റഹീം എം എൽ എ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. അനുസ്മരണസമിതി ചെയർമാൻ പി. കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേരള കൗമുദി പത്രാധിപർ കെ. സുകുമാരൻ സ്മാരകപ്രാദേശിക പത്രപ്രവർത്തക ഉപഹാരം നേടിയ രവീന്ദ്രൻ കുന്ദമംഗലത്തെ ആദരിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു നെല്ലൂളി, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി. അനിൽകുമാർ, കുന്ദമംഗലം എ എം എൽ പി സ്കൂൾ പി ടി എ പ്രസിഡന്റ്‌ കെ. ബഷീർ, സുകുവിന്റെ പത്നി ഗീത, പി. മുഹമ്മദ്‌ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ പി.രവീന്ദ്രൻ സ്വാഗതവും വൈസ് ചെയർമാൻ സി വി ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *