ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിയെ മറ്റു വിദ്യാര്‍ഥികളെ കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനുമെതിരെ കടുത്ത വിമര്‍ശനമുയർത്തി സുപ്രീംകോടതി. യുപി പോലീസിന്റെ നടപടികളിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിലും സംഭവത്തിലെ വര്‍ഗീയ ആരോപണങ്ങള്‍ ഒഴിവാക്കിയതിലും കോടതി ചോദ്യങ്ങളുയര്‍ത്തി. കേസ് മുതിര്‍ന്ന ഐ.പി. എസ് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാനും നിര്‍ദേശിച്ചു.

മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഉത്തരവ് പാലിക്കുന്നതില്‍ സംസ്ഥാനത്തിന്റെ ഭാഗത്ത് പ്രഥമദൃഷ്ട്യാ പരാജയമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

‘ആരോപണം ശരിയാണെങ്കില്‍ ഒരു വിദ്യാര്‍ഥിയെ മതത്തിന്റെ പേരില്‍ മറ്റുള്ള വിദ്യാര്‍ഥികളെ കൊണ്ട് അടിപ്പിക്കുന്നത് ഒരു അധ്യാപികയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏറ്റവും മോശമായ നടപടിയായിരിക്കും’, ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ അഭയ് എസ്. ഒക, പങ്കജ് മിത്തല്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയോട് ഞങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. അച്ഛന്റെ ആദ്യ പരാതിയില്‍, അധ്യാപിക ഒരു പ്രത്യേക മതത്തിനെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. നോണ്‍ കോഗ്നിസബിള്‍ റിപ്പോര്‍ട്ടില്‍ ഇതേ ആരോപണങ്ങളുണ്ട്. എഫ്ഐആറില്‍ ഈ ആരോപണങ്ങള്‍ ഇല്ലെന്നും കോടതി പറഞ്ഞു. എഫ്ഐആറില്‍ വീഡിയോയുടെ വിശദാംശങ്ങള്‍ ഇല്ലാത്തതിനെക്കുറിച്ചും കോടതി ചോദിച്ചു. ആരോപണങ്ങള്‍ ശരിയെങ്കില്‍ സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കോടതി വിലയിരുത്തി.

ഏത് തരത്തിലുള്ള വിദ്യാഭ്യാസമാണ് സംഭവത്തിലൂടെ വ്യക്തമാക്കുന്നത്? സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരം പറയണമെന്നും കോടതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *