ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ ഓഹരി വിലയില്‍ മുന്നേറ്റം. തിങ്കളാഴ്ചയിലെ വ്യാപാരത്തിനിടെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ ഓഹരി വിലയെത്തി. എന്‍എസ്ഇയില്‍ ഓഹരിയൊന്നിന് 10,720 രൂപയിലാണ് വ്യാപാരം നടന്നത്. ഈ വര്‍ഷം തുടക്കം മുതലുള്ള കണക്കെടുത്താല്‍ 25 ശതമാനത്തിലേറെ റിട്ടേണാണ് നിക്ഷേപകന് ഈ ഓഹരി നല്‍കിയത്. ഉയര്‍ന്ന നിലവാരത്തിലെത്തിയിട്ടും വന്‍തോതില്‍ വാങ്ങല്‍ താല്‍പര്യം വിപണിയില്‍ പ്രകടമാണ്.
തിങ്കളാഴ്ച10,530 രൂപ നിലവാരത്തിൽ ആരംഭിച്ച വ്യാപാരം വൈകാതെ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 10,720 രൂപയിലെത്തി.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദ പ്രവര്‍ത്തന ഫലങ്ങള്‍ മികച്ചതായതാണ് കമ്പനിക്ക് ഗുണകരമായത്. ഡീസല്‍ വാഹനങ്ങള്‍ നിരുത്സാഹപ്പെടുത്തുന്ന സര്‍ക്കാര്‍ നയത്തിന് അനുയോജ്യമായി വര്‍ഷങ്ങള്‍ക്കുമുമ്പേ നീങ്ങാന്‍ കഴിഞ്ഞത് മാരുതിക്ക് നേട്ടമായി. കുറച്ച് വര്‍ഷങ്ങളായി പെട്രോള്‍ വാഹനങ്ങളോടൊപ്പം സിഎന്‍ജി വേരിയന്റുകളിലും കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചുവരികയാണ്.
ഇപ്പോഴും ആകര്‍ഷകമായ മൂല്യത്തില്‍ ലഭ്യമാണെന്നതാണ് മാരുതിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. വാഹന, വാഹന അനുബന്ധ മേഖല കുതിപ്പിന്റെ പാതയിലുമാണ്. സമ്പദ്‌വ്യവസ്ഥയിലെ മുന്നേറ്റത്തിന് വാഹന മേഖലയുടെ കുതിപ്പ് ശുഭ സൂചനയാണ് നല്‍കുന്നത്. ഉയര്‍ന്ന ജിഎസ്ടി വരുമാനം, പ്രതീക്ഷിച്ചതിലും മികച്ച ജി.ഡി.പി കണക്കുകള്‍, പൊതുചെലവിലെ വര്‍ധന എന്നിവയെല്ലാം ഓട്ടോ മേഖലക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍.
അഞ്ച് വ്യാപാര ദിനങ്ങളിലായി സൂചികകളില്‍ നഷ്ടമാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധനവില്‍നിന്ന് പിന്മാറിയിട്ടില്ലെന്ന സൂചനയാണ് വിപണിയിലെ ആശങ്കകള്‍ക്ക് കാരണം. പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം പലിശ നിരക്ക് ഉയര്‍ന്നു നില്‍ക്കുമെന്ന് ഫെഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യം യുഎസ് സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, ആഗോളതലത്തിലും പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന മൂല്യത്തില്‍ തുടരുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍നിന്ന് വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുകയാണ്.
പത്ത് വര്‍ഷത്തെ യുഎസ് കടപ്പത്ര ആദായം 4.46 ശതമാനമായിരിക്കുന്നു. ഡോളര്‍ സൂചിക 105 മുകളിലും തുടരുന്നു. അതുകൊണ്ടുതന്നെ സമീപകാലയളവില്‍ വിദേശ നിക്ഷേപകരുടെ നിലപാടില്‍ മാറ്റമുണ്ടാകാനിടയില്ല.
നിലവില്‍ മാരുതിയുടെ ഓഹരിയില്‍ നിക്ഷേപം നടത്തിയിട്ടുള്ളവര്‍ക്ക് ഹ്രസ്വ-ഇടത്തരം കാലയളവില്‍ 11,000 രൂപവരെ ലക്ഷ്യവില പരിഗണിക്കാം. ആക്‌സിസ് സെക്യൂരിറ്റീസിന്റെ വിലയിരുത്തല്‍ പ്രകാരം താമസിയാതെ ഓഹരി വില 12,000 രൂപയിലെത്തുമെന്നാണ്. ദീര്‍ഘകാലയളവിലെ ലക്ഷ്യവില 14,000 രൂപയുമാണ്.
