ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറർ ഒഴിവ്

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഒഫ്താൽമോളജി വിഭാഗത്തിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്കായി ഓഫിസിൽ ഹാജരാകണം. പ്രായപരിധി 18-36 വയസ്സ്. ബിഎഡും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0495-2350216, 2350200.
ഹോംനഴ്‌സിംഗ് പൂൾ: വനിതകൾക്ക് അപേക്ഷിക്കാം

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2023-24 വർഷത്തെ സമഗ്ര ജൻഡർ വികസന പ്രോജക്ടിന്റെ ഭാഗമായി ആരംഭിക്കുന്ന ഹോംനഴ്‌സിംഗ് പൂളിൽ പ്രവർത്തിക്കാൻ താൽപര്യമുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 25നും 45 നും ഇടയിൽ പ്രായമുള്ള, എസ്എസ്എൽസി പാസായവരും പൂർണ ശാരീരിക ക്ഷമത ഉള്ളവരുമായിരിക്കണം അപേക്ഷകർ. വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, അവിവാഹിത സ്ത്രീകൾ എന്നിവർക്കും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അപേക്ഷ ഒക്ടോബർ 10ന് വൈകീട്ട് മണിക്ക് മുമ്പായി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ ശിശുവികസന ഓഫീസിൽ എത്തിക്കണം. ഫോൺ: 0495 2370750. ഇമെയിൽ: dwcdokkd@gmail.com

സിഡിഎംസി പദ്ധതിയിൽ നിയമനം

ഒളവണ്ണ കുടുംബാരോഗ്യകേന്ദ്രത്തിലെ സി.ഡി.എം.സി പദ്ധതിയിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആന്റ് ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിലേക്ക് ഉദ്യോഗാർഥിയെ നിയമിക്കുന്നു. ഒക്ടോബർ മൂന്നിന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ ഇന്റർവ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ തിരിച്ചറിയൽ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിലും ആർ.സി.ഐ രജിസ്ട്രേഷനുമുള്ളവർക്കും ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ബി.പി.ഡിയും ആർ.സി.ഐ രജിസ്ട്രേഷനുമുള്ളവർക്കും അപേക്ഷിക്കാം.

അഭിമുഖം മാറ്റി

ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ ഗണിതം മലയാളം മീഡിയം (കാറ്റഗറി നമ്പർ 383/2020) തസ്തികക്ക് സെപ്റ്റംബർ 28 ന് രാവിലെ 9.30 നും 12 മണിക്കും പി.എസ്.സി എറണാകുളം മേഖലാ-ജില്ലാ ഓഫീസുകളിലും, കാസർഗോഡ് ജില്ലാ ഓഫീസിലും നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം സെപ്റ്റംബർ 30 ലേക്ക് മാറ്റി. സ്ഥലം, സമയക്രമം എന്നിവയിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾ നേരത്തെ ഡൗൺലോഡ് ചെയ്ത് അഡ്മിഷൻ ടിക്കറ്റും ആവശ്യമായ രേഖകളും സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിൽ ഹാജരാകേണ്ടതാണ്.

വന്യജീവി വാരാഘോഷം വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കുള്ള ജില്ലാ തല മത്സരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ കോഴിക്കോട് മാത്തോട്ടം വനശ്രീയിൽ നടക്കും. അംഗീകൃത വിദ്യാലയങ്ങളിലെ എൽപി, യുപി, ഹൈസ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർപെയിന്റിംഗ് എന്നിവയിലും ഹൈസ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് പ്രസംഗം, ഉപന്യാസം, ക്വിസ് എന്നിവയിലും മത്സരങ്ങൾ ഉണ്ടാകും. ഓരോ ഇനങ്ങളിലും ഓരോ വിദ്യാലയങ്ങൾക്കും പരമാവധി രണ്ട് കുട്ടികളെ അയക്കാം. ക്വിസ് മത്സരത്തിന് രണ്ടു പേരടങ്ങുന്ന ഒരു ടീമിനെ മാത്രം പങ്കെടുപ്പിക്കാം. വിദ്യാർഥികളുടെ പങ്കാളിത്തം സംബന്ധിച്ച് ഹെഡ് മാസ്റ്റർ/പ്രിൻസിപ്പൽ നൽകിയ സാക്ഷ്യപത്രം രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കണം. ജില്ലാ തല മത്സരങ്ങൾക്ക് ഓരോ ഇനങ്ങൾക്കും ഒന്നാം സമ്മാനം 2500 രൂപയും, രണ്ടാം സമ്മാനം 1500 രൂപയും മൂന്നാം സമ്മാനം 1000 രൂപയും സർട്ടിഫിക്കറ്റുമാണ്. ഒക്ടോബർ രണ്ടിന് രാവിലെ 9.30 പെൻസിൽ ഡ്രോയിംഗ് (എൽ.പി, യു.പി, ഹെസ്‌കൂൾ, കോളേജ്), 11.45 ഉപന്യാസം ( ഹെസ്‌കൂൾ, കോളേജ്), 2.15 വാട്ടർ കളർ പെയിന്റിംഗ് (എൽ.പി, യു.പി ഹെസ്‌കൂൾ, കോളേജ്) മത്സരങ്ങളും ഒക്ടോബർ മൂന്ന് 10 മണി ക്വിസ് (ഹെസ്‌കൂൾ, കോളേജ്), രണ്ട് മണി പ്രസംഗം(ഹെസ്‌കൂൾ, കോളേജ്) എന്നീ മത്സരങ്ങളും നടക്കും. ജില്ലാതല മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവരെ സംസ്ഥാനതല മത്സരങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കും. ഫോൺ-0495 2416900. കൂടുതൽ വിവരങ്ങൾ https://forest.kerala.gov.in/ എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

ലീഗൽ മെട്രോളജി പുനഃപരിശോധനാ ക്യാമ്പ്

കോഴിക്കോട് ലീഗൽ മെട്രോളജി സർക്കിൾ മൂന്ന് ഇൻസ്പെക്ടർ മാവൂർ പഞ്ചായത്തിൽ സെപ്റ്റംബർ 16, 18, 19 തീയതികളിൽ നടത്താൻ നിശ്ചയിച്ച പുനഃപരിശോധനാ ക്യാമ്പ് സെപ്റ്റംബർ 27, 29, 30 തീയ്യതികളിൽ നടത്തുമെന്ന് ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.

ക്ലീനിംഗ് ജീവനക്കാരുടെ ഇന്റർവ്യൂ സെപ്റ്റംബർ 29ന്

കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്ലീനിംഗ് ജീവനക്കാരുടെ ഇന്റർവ്യൂ സെപ്റ്റംബർ 29ന് രാവിലെ ഒമ്പത് മുതൽ 11 മണിവരെ നടക്കുമെന്ന് ആശുപത്രി വികസന സൊസൈറ്റി സൂപ്രണ്ട് അറിയിച്ചു.

തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കിൽ ഡവലപ്മെന്റ് സെന്ററിൽ വിവിധ തൊഴിൽ പരിശീലന കോഴ്സുകളിലേക്ക്് പ്രവേശനം ആരംഭിച്ചു. സാങ്കേതിക മേഖലകളിൽ സോളാർ ടെക്നീഷ്യൻ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, റഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിംഗ് ടെക്നീഷ്യൻ, കമ്പ്യൂട്ടർ ഹാർഡ്വെയർ, വയർമാൻ ലൈസൻസിംഗ് കോഴ്സ് എന്നിവയിലാണ് പ്രവേശനം. സിവിൽ സ്റ്റേഷന് എതിർ വശത്തായി പ്രവർത്തിക്കുന്ന സ്‌കിൽ ഡവലപ്പ്മെന്റ് സെന്ററിൽ നേരിട്ട് പ്രവേശനം നേടാം. ഫോൺ: 0495 2370026, 8891370026

താല്പര്യപത്രം ക്ഷണിച്ചു

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2023 – 24 പദ്ധതി പ്രകാരം ഐ. ഇ. എല്‍. ടി. എസ് / ടി. ഒ. ഇ. എഫ്. എല്‍/ ഒ. ഇ. ടി/എന്‍. സി.എല്‍.ഇ.എക്‌സ് തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകള്‍ക്ക് പരിശീലനം നല്‍കുന്ന സംസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നു. ഇതിനായുള്ള താല്പര്യം സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിവിധ മത്സര പരീക്ഷ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2023 – 24. വിജ്ഞാപനം, നിര്‍ദ്ദിഷ്ട മാതൃകയിലുള്ള താല്പര്യപത്രം എന്നിവ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ അഴകൊടി ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റിയെ നിയമിക്കുന്നതിന് ഹിന്ദു മതം ആചരിക്കുന്ന ആളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ എരഞ്ഞിപ്പാലത്തുള്ള ഓഫീസില്‍ ഒക്ടോബര്‍ 27നകം ലഭിക്കണം. ഫോറങ്ങള്‍ malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *