സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

ചേർത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ കൊലപാതകക്കേസിൽ കുറ്റസമ്മതം നടത്തി പ്രതി സി എം സെബാസ്റ്റ്യൻ(61). ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ കോടതിയിൽ അറിയിച്ചു.

സെബാസ്റ്റിയനെ (61) ഈ മാസം 30 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് ഷെറിന്‍ കെ ജോര്‍ജിന്റേതാണ് ഉത്തരവ്. ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജൂലൈ 28 മുതല്‍ റിമാന്‍ഡിലായിരുന്നു സെബാസ്റ്റിയന്‍. കസ്റ്റഡിയില്‍ വാങ്ങി കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നതിനിടെയാണ് ബിന്ദു വധക്കേസിലെ പങ്ക് തെളിഞ്ഞത്. കുറ്റസമ്മതം ലഭിച്ചതോടെയാണ് ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.

കഴിഞ്ഞ 18-ന് വിയ്യൂര്‍ ജയിലിലെത്തി ആലപ്പുഴ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ബിന്ദുവിനെ കാണാനില്ലെന്നുകാട്ടി സഹോദരന്‍ പ്രവീണ്‍കുമാര്‍ 2017-ല്‍ നല്‍കിയ പരാതിയില്‍ പട്ടണക്കാട് പൊലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം. 2002 മുതല്‍ സഹോദരിയെ കാണാനില്ലെന്നായിരുന്നു പരാതി.

ബിന്ദു കൊലക്കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ബിന്ദുവുമായി സെബാസ്റ്റ്യൻ യാത്ര ചെയ്‌തെന്ന് കണ്ടെത്തിയ കോയമ്പത്തൂർ, കുടക്, ബാംഗ്ലൂർ എന്നിവിടങ്ങളിലും കസ്റ്റഡിയിൽ എടുത്ത 6 ദിവസങ്ങളിലായി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടത്തും.

2006 ലാണ് ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ കാണാതാവുന്നത്. പ്രാഥമികാന്വേഷണത്തില്‍ 2006വരെ ബിന്ദു ജീവിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ 2006 ൽ തന്നെ ബിന്ദു കൊല്ലപ്പെട്ടതായി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ബിന്ദുവിന്‍റെ സ്ഥലം വ്യാജരേഖ ചമച്ച് വിൽപ്പന നടത്തിയതിന് സെബാസ്റ്റ്യൻ അറസ്റ്റിലായിരുന്നു. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. ബിന്ദുവിന്റെ തിരോധാന കേസിൽ സെബാസ്റ്റ്യൻ സംശയമുനയിലായിരുന്നെങ്കിലും ഇയാൾക്കെതിരെ വ്യക്തമായ തെളിവുകൾ കണ്ടെത്താനായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *