വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന് രാജിവെച്ചു. സംഘടനയ്ക്ക് അകത്ത് നിന്ന് തന്നെവിവിധ ആരോപണ ഉയര്‍ന്നതിന് പിന്നാലെയാണ് അപ്പച്ചന്റെ രാജി. വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് കെപിസിസി നേതൃത്വം എൻ ഡി അപ്പച്ചൻ്റെ രാജി ചോദിച്ച് വാങ്ങിയതെന്നാണ് സൂചന. നിലവിൽ അപ്പച്ചൻ രാജിക്കത്ത് നേതൃത്വത്തിന് കൈമാറി.
കല്‍പ്പറ്റ നഗരസഭാ അധ്യക്ഷൻ ടി ജെ ഐസക്കിനാണ് വയനാട് ഡിസിസിയുടെ പകരം ചുമതല. ഐസക്ക് തന്നെ അടുത്ത ഡിസിസി അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമിലി ഡിവിഷനിൽ നിന്നുള്ള കൗൺസിലർ ആയ ഐസക്ക് 13 വർഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്.
കോൺഗ്രസ് നേതാക്കളുടെ കോഴ ഇടപാടിൽ കുരുങ്ങി ഡിസിസി വയനാട് ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയത് അടക്കമുള്ള സംഭവങ്ങള്വലിയ വിവാദമായിരുന്നു. എന്‍ എം വിജയന്റെയും മകന്റെയും മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റത്തില്‍ രണ്ടാം പ്രതിയാണ് അപ്പച്ചന്. ഇതിന്റെ പേരിലുള്ള വിവാദങ്ങള്‍ മൂര്‍ച്ഛിച്ച് നില്‍ക്കവെയാണ് മുള്ളന്‍കൊല്ലി പഞ്ചായത്തംഗവും അപ്പച്ചന്റെ അടുത്ത ആളുമായിരുന്ന ജോസ് നെല്ലേടം ആത്മഹത്യ ചെയ്തത്. ഇതോടെ ജില്ലയില്‍ കോണ്‍ഗ്രസില്‍ വിഭാഗീയത ശക്തമായി.
അപ്പച്ചനെ സംരക്ഷിക്കാന്‍ അവസാന നിമിഷംവരെ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നു. തന്നെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാന്‍ ഒരു നീക്കവും നടക്കുന്നില്ലെന്നും, താൻ വിചാരിച്ചാലേ രാജിവെക്കൂ എന്നും അപ്പച്ചൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
