ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിച്ച് ജില്ലാ കളക്ടർ

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ അറവ് മാലിന്യ പ്ലാൻ്റ് ആക്രമിച്ച സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം. അറവ് മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട്, ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ക‍ഴിഞ്ഞ ചൊവാഴ്ച ഉച്ചയോടെയാണ് താമരശ്ശേരി കട്ടിപ്പാറയിലെ അറവ് മാലിന്യ കേന്ദ്രത്തിലേക്ക് വ്യാപക ആക്രമണം ഉണ്ടായത്. സമാധപൂർവം നടത്തിയ പ്രതിഷേധം നിമിഷനേരം കൊണ്ട് വ്യാപക അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു.

സംഭവത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അടക്കം 21 പൊലീസുകാർക്കും, സമരത്തിൽ പങ്കെടുത്ത 28 പേർക്കും പരുക്കേറ്റിരുന്നു. ഈ സംഭവത്തിൽ താമരശ്ശേരി, കൂടത്തായി, മലപ്പുറം സ്വദേശികളായ അഞ്ച് പേരെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഘർഷത്തിൽ ഉണ്ടായിരുന്ന മലപ്പുറം സ്വദേശിയായ സൈഫുള്ളയെ എടപ്പാളിൽ വച്ചാണ് പിടിയിലായത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പലരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണ്. ഇവരെ എത്രയും പെട്ടെന്ന് പിടികൂടുവാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

നിഷ്‌കളങ്കരായ ജനങ്ങളെ മറയാക്കി നടന്ന സമരത്തിൽ, മുൻകൂട്ടി തീരുമാനിച്ച പ്രകാരം എസ്‌ഡിപിഐ അക്രമികൾ നുഴഞ്ഞ് കയറുകയും കലാപം അഴിച്ചു വിടുകയുമായിരുന്നുവെന്ന് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഈ മാസം 29 ന് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. യോഗത്തിന് മുമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശുചിത്വ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *