നടി ആക്രമിക്കപ്പെട്ട കേസ് കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിൽ കേസിൽ വ്യക്തതാ വാദമാണ് തുടരുന്നത്. കഴിഞ്ഞ തവണ കോടതി ചോദിച്ച 22 ചോദ്യങ്ങൾക്ക് പ്രോസിക്യൂഷൻ മറുപടി നൽകിയിരുന്നു. ഏഴു വർഷത്തോളം നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ നിർണായക കേസിൽ വിധി പറയാൻ പോകുന്നത്.
2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്. കേസിന്റെ ആദ്യഘട്ടത്തിൽ പ്രതി ചേര്‍ക്കാതിരുന്ന നടൻ ദിലീപിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ 2017 ജൂലൈ 10-ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെത്തുടർന്ന് ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്താക്കി. 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം 2017 ഒക്ടോബര്‍ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു.
ദിലീപും മുഖ്യപ്രതിയായ പൾസർ സുനിയും ഉൾപ്പെടെ കേസിൽ ആകെ ഒമ്പത് പ്രതികളാണുള്ളത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും, ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. 2017 നവംബറിലാണ് കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. 2018 മാർച്ച് എട്ടിന് എറണാകുളം പ്രിൻസിപ്പല്‍ സെഷന്‍സ് കോടതിയിൽ വിചാരണ ആരംഭിച്ചു. 2018 ജൂണിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹര്‍ജി കോടതി സിംഗിൾ ബെഞ്ച് തള്ളി. കേസിൽ സാക്ഷി വിസ്താരം പൂർത്തിയാകാൻ നാലര വർഷമെടുത്തു.
