കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം നാടോടിനൃത്തത്തിൽ കാണികളെ പിടിച്ചിരുത്തിയ മികച്ച പ്രകടനവുമായി ഡൗൺ സിൻഡ്രോം ബാധിതനായ സാരംഗ് പി വി. ജനറൽ വിഭാഗത്തിലാണ് മത്സരിച്ചത്. എൻജിഒ ക്വോർട്ടേഴ്സ് ഗവ ഹയർസെക്കണ്ടറി സ്കൂൾ +2 ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ് സാരംഗ്. നാടോടിനൃത്തം സ്കൂളിൽ മത്സരിച്ച് ജയിച്ച്, ചേവായൂർ സബ്ജില്ലയിൽ പങ്കെടുത്തു വിജയിച്ചാണ് ജില്ലാ തലത്തിൽ മത്സരത്തിനു എത്തിയത്. സാരംഗ് സ്പെഷ്യൽ സ്കൂൾ മത്സരങ്ങളിൽ പങ്കെടുക്കാതെ ജനറൽ വിഭാഗത്തിൽ സാധാരണ കുട്ടികൾക്കൊപ്പം ചുവട് ഇടറാതെ മത്സരിച്ചാണ് കാണികളെ കയ്യിലെടുത്തത്. എപ്പോഴും കലാ കായിക രംഗത്ത് സജീവമായിരിക്കുന്ന കുട്ടിയാണ് സാരംഗ്. സാരംഗിന്റെ താല്പര്യത്തിന് കുടുംബവും അധ്യാപകരും സുഹൃത്തുക്കളും പ്രോത്സാഹനവുമായി എപ്പോഴും ഒപ്പമുണ്ട്. കരാട്ടെ ഗ്രീൻ ബെൽറ്റ് ആണ് സാരംഗ്. കൂടാതെ ജിമ്മിലും പോകുന്നുണ്ട്.
നൃത്തത്തോടുള്ള അതിയായ താല്പര്യം കുടുംബം തിരിച്ചറിഞ്ഞത് കോവിഡ് കാലഘട്ടത്തിലാണെന്ന് സാരംഗിന്റെ അമ്മയും ഗണിത അധ്യാപികയുമായ ഉഷ പറഞ്ഞു. മൊബൈൽ ഫോണിൽ ഡാൻസ് വീഡിയോകൾ കാണുകയും അതുപോലെ അവതരിപ്പിക്കുകയും ചെയ്യും.
അച്ഛൻ ബൈജു കാരപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിൽ ഗണിത അധ്യാപകനാണ്. സഹോദരി ചന്ദന സെൻട്രൽ ഗവ. ആർക്കിയോളജി വിഭാഗം ഉദ്യോഗസ്ഥയാണ്.
