കോളിഫ്ളവര്‍ മോഷ്ടിച്ചതിന് അമ്മയെ മകന്‍ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയില്‍ നിന്നുള്ള ശത്രുഘ്‌ന മഹന്ത (39) അറസ്റ്റിലായി. മകന്റെ ക്രൂരകൃത്യത്തിന്റെ വീഡിയോയും ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. മര്‍ദനമേറ്റ വൃദ്ധയായ മാതാവ് ചികിത്സ തേടാന്‍ ആശുപത്രിയിലെത്തിയതായിരുന്നു. മകന്റെ മര്‍ദനമേറ്റെന്നറിഞ്ഞ ആശുപത്രി അധികൃതര്‍ ഇക്കാര്യം പൊലീസിനെ വിളിച്ചറിയിച്ചു. പൊലീസെത്തി വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി. പരാതി ശരിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെ മഹന്തയെ പൊലീസ് അറസ്റ്റുചെയ്തു.
കുടുംബ വഴക്കിനെ തുടര്‍ന്ന് വയോധിക ഇവരുടെ വീട്ടില്‍ നിന്ന് മാറി തനിച്ച് താമസിക്കുകയായിരുന്നു. സര്‍ക്കാര്‍ റേഷനും നാട്ടുകാരുടെ സഹായവും കൊണ്ടാണ് ഇവര്‍ ജീവിക്കുന്നത്. ഈയിടെ പണത്തിന് അത്യാവശ്യം വന്നതോടെ അടുത്തുള്ള മകന്റെ കൃഷിയിടത്തില്‍ നിന്ന് ഒരു കോളിഫ്ളവര്‍ മാതാവ് അയല്‍വാസിക്ക് വിറ്റു. സംഭവമറിഞ്ഞ മകന്‍ മാതാവിനെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
