കോട്ടയം: സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് കാല്‍നടയാത്രികന് പരിക്ക്. സംഭവസ്ഥലത്തെത്തിയ നാട്ടുകാരോടും ഇടപെടാൻ ശ്രമിച്ച പൊലീസുകാരനോടും സിദ്ധാർത്ഥ് ആക്രമണസ്വഭാവം കാണിച്ചതായി പൊലീസ് അറിയിച്ചു. പിന്നീട് ബലംപ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മദ്യലഹരിയിലായിരുന്നു വാഹനം ഓടിച്ചിരുന്നത്.
ഇന്നലെ രാത്രി എം.സി. റോഡിൽ നാട്ടകം ഗവൺമെന്റ് കോളേജിന് സമീപമാണ് സംഭവം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപ്പനക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ ഉടൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിനിടെ സിദ്ധാർത്ഥും നാട്ടുകാരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇയാൾ നാട്ടുകാരെ അസഭ്യം പറയുകയും റോഡിൽ കിടക്കുകയും ചെയ്ത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് സിദ്ധാർത്ഥ് പ്രഭു. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ബാലതാരമായി അഭിനയ രംഗത്തെത്തിയ സിദ്ധാർത്ഥ് പിന്നീട് ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. അടുത്തിടെ ഉപ്പും മുളകും പരമ്പരയിൽ കേന്ദ്ര കഥാപാത്രത്തിന്റെ ഭർത്താവായി അഭിനയിച്ചു വരികയായിരുന്നു.
