ലോകമെമ്പാടുമുള്ള മാധ്യമസ്വാതന്ത്ര്യത്തിന്റെ പിന്തുണയ്ക്കുന്നുവെന്ന പ്രസ്താവനയുമായി യുഎസ്. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയുടെ പങ്കിനെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കേന്ദ്രസർക്കാർ നിരോധിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് നിലപാട് വ്യക്തമാക്കിയത്.
ബിബിസി ഡോക്യുമെന്ററി ഇന്ത്യയിൽ തടയുന്നത് പത്രസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമായി യുഎസ് കണക്കാക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ലോകമെമ്പാടുമുള്ള മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ പിന്തുണയ്ക്കുന്ന രാജ്യമാണ് യുഎസ്.
നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് ജനാധിപത്യ തത്വങ്ങളായ ആവിഷ്‌കാര സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം തുടങ്ങിയവയാണ്. ഞങ്ങളുടെ ബന്ധങ്ങളിൽ ഇന്ത്യയിലുൾപ്പെടെ ഇതുയർത്തിക്കാട്ടാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു.ആ ഡോക്യുമെന്ററി കണ്ടിട്ടില്ല. ഡോക്യുമെന്ററി ഇന്ത്യ നിരോധിച്ചത് പത്രസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. ഇന്ത്യയും അമേരിക്കയും പരസ്പരം പങ്കിടുന്ന മൂല്യങ്ങൾ യുഎസ് അതുപടി തുടരുമെന്നും നെഡ് പ്രൈസ് നിലപാടറിയിച്ചു.
അതേസമയം ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കേന്ദ്രസർക്കാരിന്റെ എതിർപ്പുകൾ മറികടന്നാണ് രണ്ടാം ഭാഗം ബി.ബി.സി പുറത്തിറക്കുന്നത്. 2019ൽ മോദി അധികാരത്തിന് വന്നതിന് ശേഷമുള്ള പൗരത്വ നിയമഭേദഗതി അടക്കമുള്ള വിവാദ നയങ്ങളെകുറിച്ചാണ് ഇന്ത്യ ദ മോദി ക്വസ്റ്റിയൻ എന്ന ഡോക്യൂമെന്ററിയിൽ പരാമർശിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ഉറപ്പുനൽകുന്ന കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതും പൗരത്വ നിയമവും ആൾക്കൂട്ട ആക്രമണങ്ങളുടെ റിപ്പോർട്ടുകളും രണ്ടാം ഭാഗത്തിൽ പരാമർശിക്കുന്നുണ്ട്.ഗുജറാത്ത് കലാപം വ്യക്തമാക്കുന്ന ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം രാജ്യത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. അതിനിടയിലാണ് രണ്ടാംഭാഗവും ബി.ബി.സി സംപ്രേഷണം ചെയ്തിരിക്കുന്നത്.
ഡോക്യുമെന്ററി പുറത്തുവന്നതിന് ശേഷം മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയുമാണ്. ഡോക്യുമെന്ററി പിൻവലിക്കില്ലെന്ന നിലപാടിലാണ് ബി.ബി.സിയും.ആദ്യ ഭാഗത്തിനെതിരെ കേന്ദ്രസർക്കർ രംഗത്തെത്തുകയും തുടർന്ന് യൂട്യൂബിൽനിന്നും ട്വിറ്ററിൽനിന്നും ലിങ്കുകൾ പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.