അഗര്‍ത്തല: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ട ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ത്രിപുര പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെതിരെയാണ് ത്രിപുര സര്‍ക്കാര്‍ നടപടിയെടുത്തത്.
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിംഹങ്ങള്‍ക്ക് പേരിട്ട ഉദ്യോഗസ്ഥനെതിരെ ത്രിപുര സര്‍ക്കാര്‍ നടപടിയെടുത്തത്. 1994 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അഗര്‍വാള്‍ ത്രിപുരയുടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി സേവനമനുഷ്ഠിക്കുകയായിരുന്നു.
സിലിഗുരി സഫാരി പാര്‍ക്കിലെ അക്ബര്‍ -സീത സിംഹങ്ങളുടെ പേരിനെ ചൊല്ലിയും അവയെ ഒപ്പം താമസിപ്പിക്കുന്നതിനെ ചൊല്ലിയുമാണ് വിവാദമുണ്ടായത്. അക്ബറിനെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത് രംഗത്തെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന വനം വകുപ്പിനെയും സഫാരി പാര്‍ക്ക് അധികൃതരെയും എതിര്‍ കക്ഷികളാക്കി കല്‍ക്കട്ട ഹൈകോടതിയുടെ ജല്‍പായ്ഗുരിയിലെ സര്‍ക്യൂട്ട് ബെഞ്ചില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
