കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. സിയാൽ ഒരു പബ്ലിക് അതോറിറ്റിയാണെന്നും അതിനാൽ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബാധ്യസ്ഥരാണെന്നുമുള്ള മുൻ വിധികൾക്കെതിരെ സിയാൽ നൽകിയ ഹർജി ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് തള്ളി. ബോർഡ് മീറ്റിംഗുകളുടെ മിനിറ്റ്സ് ഉൾപ്പെടെയുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന 2019-ലെ വിവരാവകാശ കമ്മിഷൻ ഉത്തരവ് ഇതോടെ നടപ്പിലാക്കേണ്ടി വരും.

തങ്ങൾ സ്വകാര്യ കമ്പനിയാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമായിരുന്നു സിയാലിന്റെ വാദം. എന്നാൽ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഈ വാദം നേരത്തെ തള്ളിയിരുന്നു. എം.ആർ. അജയൻ എന്ന വ്യക്തി സിയാൽ ബോർഡ് മീറ്റിംഗിന്റെ അജണ്ട ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ നിന്നാണ് നിയമപോരാട്ടം തുടങ്ങിയത്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി സിയാലിന് വേണ്ടി ഹാജരായെങ്കിലും, സിയാൽ പൊതുജനങ്ങളോട് മറുപടി പറയാൻ കടമപ്പെട്ട സ്ഥാപനമാണെന്ന നിരീക്ഷണത്തിൽ സുപ്രീം കോടതി ഉറച്ചുനിൽക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *