പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയും ഭീരുവുമാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇത് പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാനും പ്രിയങ്ക മോദിയെ വെല്ലു വിളിച്ചു. അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്ന് പറഞ്ഞ പ്രിയങ്ക, സത്യം ജയിക്കാനായി രാഹുലിനൊപ്പം പോരാടൂ എന്നും ആഹ്വാനം ചെയ്തു.

പ്രസംഗത്തിൽ പ്രിയങ്ക പിതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ വിലാപ യാത്ര ഓർമിപ്പിച്ചു. രക്ത സാക്ഷിയുടെ മകനെയാണ് രാജ്യ ദ്രോഹിയെന്ന് വിളിക്കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
പിതാവിന്റെ വിലാപയാത്രയുടെ മുന്നില്‍ രാഹുല്‍ ഗാന്ധി നടന്നത് 32 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ആ രക്തസാക്ഷിയായ പിതാവിനെ പല തവണ പാര്‍ലമെന്റില്‍ അവര്‍ അപമാനിച്ചു. ബിജെപിയുടെ കേന്ദ്രമന്ത്രി ആ രക്തസാക്ഷിയുടെ ഭാര്യയെയും അപമാനിച്ചെന്നും പ്രിയങ്ക വിമര്‍ശിച്ചു.

‘ഒരു മനുഷ്യനെ നിങ്ങള്‍ എത്രത്തോളം ഇനിയും അപമാനിക്കും? അവരെ ആരെയും മാനനഷ്ടത്തിന് രണ്ടുവര്‍ഷത്തേക്ക് ശിക്ഷിച്ചില്ല. രാമനെ കുടുംബം വനവാസത്തിന് അയച്ചു. ആ രാമന്‍ കുടുംബാധിപത്യത്തിന്റെ ഭാഗമാണോ? ഭയപ്പെടുത്താം എന്നത് തെറ്റിദ്ധാരണ മാത്രമാണ്. പോരാട്ടം ശക്തമായി തുടരുമെന്ന് പ്രിയങ്ക വ്യക്തമാക്കി.

ചിലര്‍ കൊള്ളയടിച്ചത് രാഹുല്‍ ഗാന്ധിയുടെ സ്വത്തുക്കളല്ല. മറിച്ച് രാജ്യത്തിന്റെ സ്വത്തുക്കളാണ്. അദാനിയെ പോലെയുള്ള വ്യവസായികള്‍ ജനങ്ങളെ ഊറ്റിയെടുക്കുന്നു. മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും മന്ത്രിമാരും അദാനിയെ സംരക്ഷിക്കാന്‍ കഷ്ടപ്പെടുന്നു. ആരാണ് അദാനി ? ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ എന്തിന് ഇത്ര ഭയപ്പെടുന്നത്? ഈ രാജ്യം ജനങ്ങളുടേതാണ്. രാജ്യത്തിന്റെ സ്വത്തും ജനങ്ങളുടേതാണ്. ജനങ്ങള്‍ക്ക് ഉപജീവനമാര്‍ഗം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍? വിദേശത്ത് നിന്ന് രാഹുല്‍ രാജ്യത്തിനെതിരെ സംസാരിച്ചു എന്ന് പറയുന്നു. പക്ഷേ രാജ്യം മുഴുവന്‍ നടന്ന് സ്‌നേഹത്തെക്കുറിച്ച് സംസാരിച്ച ഒരു വ്യക്തി എങ്ങനെ രാജ്യത്തെയും ഒരു വിഭാഗം ജനങ്ങളെയും അപമാനിക്കും? പ്രിയങ്ക ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *