ആലപ്പുഴ: കായംകുളം എം.എൽ.എ യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന ഇടപെടൽ നടത്തി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദേശം നൽകി. സംഭവത്തെക്കുറിച്ച് 1 മണിക്കുള്ളില് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കായംകുളം മണ്ഡലം യുഡിഎഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ. ഇർഷാദാണ് വിവാദ പ്രസംഗം നടത്തിയത്. വാക്ചാതുര്യവും ശരീരത്തിന്റെ അഴകും വിൽപനയ്ക്ക് വെച്ചുകൊണ്ടാണ് യു. പ്രതിഭ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നായിരുന്നു ഇർഷാദിന്റെ ആക്ഷേപം. യുഡിഎഫ് മണ്ഡലം കൺവെൻഷനിൽ നടത്തിയ ഈ പ്രസംഗം വലിയ രീതിയിൽ വിവാദമായിരുന്നു.
പരാമർശം തിരിച്ചടിയായതോടെ എ. ഇർഷാദിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഇർഷാദിനെ സസ്പെൻഡ് ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ നീക്കി പകരം എച്ച്. ബഷീർ കുട്ടിയെ നിയമിച്ചു. പ്രസംഗം ദുർവ്യാഖ്യാനം ചെയ്തതാണെന്നും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണെന്നുമാണ് ഇർഷാദിന്റെ വിശദീകരണം.
തനിക്കെതിരെയുള്ള മോശം പരാമർശത്തിൽ നിയമപോരാട്ടം തുടരുമെന്ന് യു പ്രതിഭ വ്യക്തമാക്കി. “പരാമർശം കേട്ട് ആദ്യമൊന്ന് ഞെട്ടിപ്പോയി, ഇത് വലിയ വേദനയുണ്ടാക്കി. വെറും ഖേദപ്രകടനം കൊണ്ട് ഇത് തീരില്ല. പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും ഔദ്യോഗികമായി പരാതി നൽകും,” എം.എൽ.എ പറഞ്ഞു. ഇർഷാദിന്റെ പരാമർശത്തെ പൂർണ്ണമായും തള്ളിക്കൊണ്ട് കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജു രംഗത്തെത്തി. പ്രസ്താവന തെറ്റാണെന്നും അത് ഒട്ടും അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ ലിജു, യുഡിഎഫ് നേതൃത്വത്തിന് വേണ്ടി താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
