രാഹുൽ ഗാന്ധി കണ്ടാലും കൊണ്ടാലും പഠിക്കാത്ത നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മുഖ്യമന്ത്രിയെ ഇഡി ചോദ്യം ചെയ്യാത്തത് ബിജെപി യുമായുള്ള ഡീലിൻ്റെ ഫലമാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് ബിജെപിയുടെ ബി ടീ മായി മാറിയെന്നും മുഖ്യമന്ത്രി കോതമംഗലത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധി അഖിലേന്ത്യാ നേതാവാണെങ്കിലും സാധാരണ പ്രാദേശിക പ്രവർത്തകൻ്റെ കാര്യ വിവരം പോലുമില്ലാത്ത നേതാവാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അതിൻ്റെ ഭാഗമാണ് എൽ ഡി എഫിനെതിരായ ഡീൽ ആരോപണം. രാജ്യത്താകെ ബിജെപി യുടെ ബി ടീമായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. കെജ്രിവാളിൻ്റെ അറസ്റ്റും, ദില്ലി, ബിഹാർ ,ഹരിയാന തെരഞ്ഞെടുപ്പുകളും നമ്മുടെ മുന്നിൽ അനുഭവ പാഠങ്ങളാണ്. വി ഡി സതീശൻ്റെ ഡീൽ ആരോപണം മുൻകൂർ ജാമ്യമെടുക്കലാണ്. ബി ജെ പി കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട്മറച്ചു വക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
കായംകുളത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം അപലപനീയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ സി വേണുഗോപാൽ ഇരിക്കുന്ന വേദിയിലാണ് ഇത്തരം പരാമർശം ഉണ്ടായത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തിൽ ബിജെപി സീൽ വന്ന സംഭവം അവിശ്വസനീയമെന്നും അത് ഒരാളുടെ മാത്രം കൈപ്പിഴയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനെ വിമർശിച്ചവർക്കെതിരെ കേസ് എടുത്ത നടപടി വിമർശനങ്ങളോടുള്ള കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ്റെ അസഹിഷ്ണുതയാണ്.
മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങൾ തടയാൻ കേന്ദ്ര നിയമത്തിലെ ഭേദഗതിയാണ് ആവശ്യം. അതിന് കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ല. പത്ത് വർഷത്തെ അനുഭവം വാഗ്ദാനങ്ങളുടെ രാഷ്ട്രീയമല്ലെന്നും പൂർത്തിയാക്കിയ വികസനത്തിൻ്റെ യാഥാർത്ഥ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ജനങ്ങൾ അംഗീകരിക്കുമെന്നാണ് എൽ ഡി എഫിൻ്റെ പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
