റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിെന്റ കേസില്‍ സുപ്രധാന വിധി. പൊതുഅവകാശ (പബ്ലിക് റൈറ്റ്‌സ്) പ്രകാരം 20 വര്‍ഷത്തേക്ക് തടവുശിക്ഷ വിധിച്ചു. റിയാദ് ക്രിമിനല്‍ കോടതിയില്‍ സൗദി സമയം ഇന്ന് (തിങ്കളാഴ്ച) രാവിലെ 9.30ന് നടന്ന സിറ്റിങ്ങിലാണ് തീര്‍പ്പുണ്ടായത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാല്‍ മതി. അതിനുശേഷം ജയില്‍ മോചനമുണ്ടാവും.

ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ ജയിലില്‍നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധിയും റഹീം കുടംബത്തിന്റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.

ഈ മാസം അഞ്ചിനായിരുന്നു കഴിഞ്ഞ സിറ്റിങ്. ഒറിജിനല്‍ കേസ് ഡയറി പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണം എന്ന് പറഞ്ഞാണ് അന്ന് കേസ് മാറ്റിവെച്ചത്. സ്വകാര്യ അവാകാശത്തിെന്റ അടിസ്ഥാനത്തില്‍ വിധിച്ച വധശിക്ഷയാണ് 1.5 കോടി റിയാല്‍ (ഏകദേശം 34 കോടി ഇന്ത്യന്‍ രൂപ) ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെ ഒമ്പത് മാസം മുമ്പ് ഒഴിവായത്. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരം തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം അനന്തമായി നീളാന്‍ ഇടയാക്കിയിരുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 13 സിറ്റിങ്ങാണ് നടന്നത്. റിയാദിലെ ഇസ്‌കാന്‍ ജയിലില്‍ കഴിയുന്ന റഹീമിെന്റ തടവുകാലം ഇപ്പോള്‍ 19ാം വര്‍ഷത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *